തിരുവനന്തപുരം: തലസ്ഥാന നഗരത്തിലുൾപ്പെടെ സംസ്ഥാനത്ത് കൊവിഡ് വ്യാപന നിരക്ക് ഉയർന്ന സാഹചര്യത്തിൽ അൺലോക്ക് വൺ നടപടികൾ കണക്കിലെടുത്ത് കടകളിലും പൊതു സ്ഥലങ്ങളിലും കൊവിഡ് സുരക്ഷയ്ക്കായി പൊലീസിന്റെ പോസ്റ്റർ പ്രചരണം. കടകളിലും പൊതു സ്ഥലങ്ങളിലും സാമൂഹ്യ അകലവും കൈകൾ കഴുകുന്നതും മാസ്ക് ധരിക്കുന്നതുമുൾപ്പെടെ ബ്രേക്ക് ദ ചെയ്ൻ നടപടികളും പാലിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താനാണ് പോസ്റ്ററിംഗ്. കടകളിൽ ഒരുസമയം അഞ്ചുപേരിലധികം പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളും സ്ഥാപിക്കും.
വിവിധ ആവശ്യങ്ങൾക്കായി വീടുവിട്ട് പുറത്തിറങ്ങുന്നവർ പാലിക്കേണ്ട 10 നിർദേശങ്ങൾ അടങ്ങിയതാണ് പോസ്റ്ററുകൾ.കടയ്‌ക്കുള്ളിൽ ആളുകൾ സാമൂഹ്യഅകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ആദ്യത്തെ ഉത്തരവാദിത്തം ഉടമകൾക്കാണ്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പോസ്‌റ്റർ വിതരണം. മുന്നറിയിപ്പുകൾ അവഗണിക്കുന്നവരെ കണ്ടെത്താനും പകച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടികൾ കൈക്കൊള്ളുന്നതിനുമായി ബൈക്ക് പട്രോളിംഗ് ശക്തമാക്കാനും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് ചീഫുമാർക്ക് നിർദേശം നൽകി.
കടകളിലും വാഹനങ്ങളിലും സാമൂഹ്യഅകലം പാലിക്കുന്നുണ്ടോയെന്ന് ബൈക്ക് പട്രോൾ സംഘം ഉറപ്പുവരുത്തും. ആളുകൾ കൂടുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ കാര്യങ്ങൾ നീരിക്ഷിക്കാനാണ് ബൈക്കുകളിൽ പ്രത്യേക പൊലീസ് സംഘം റോന്തുചുറ്റുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ആദ്യം മുന്നറിയിപ്പും വീണ്ടും ലംഘിച്ചാൽ നടപടിയുമുണ്ടാകും.
തുടർച്ചയായി കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന കടകളുടെയും വാഹനങ്ങളുടെയും ലൈസൻസ് റദ്ദാക്കും. സ്‌പെഷ്യൽ കൊവിഡ് പട്രോളിംഗ് കൂടുതൽ ഫലപ്രദമാക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയും റൂറൽ ജില്ലാ പൊലീസ് മേധാവി ബാലചന്ദ്രനും പറഞ്ഞു. ബീച്ച്, പാർക്ക് എന്നിവിടങ്ങളിലും പരിശോധന കർശനമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |