കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിൽ വാടാനപ്പള്ളി സ്വദേശിയായ സ്ത്രീയെയും ജൂൺ 20ന് ഷംനയുടെ വീട്ടിലെത്തിയ നിർമ്മാതാവിനെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
പരാതിക്കാരായ മോഡലുകൾ തങ്ങളെ വഞ്ചിച്ച ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ അറസ്റ്റ് ഇന്നുണ്ടാകും. വിവാഹതട്ടിപ്പിനായി പ്രതികൾ ഷംനയുടെ വീട്ടിൽ പോയി വന്ന ശേഷം ഒരു നിർമ്മാതാവ് വീട്ടിൽ വന്നെന്ന ഷംന പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. ജൂൺ 20നാണ് ഈ നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംന ക്ഷണിച്ചിട്ടാണ് വന്നതെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞത്. ഇതേ തുടർന്ന് വീട്ടുകാർ നടിയെ ബന്ധപ്പെട്ടപ്പോൾ ഒരു നിർമ്മാതാവിനേയും താൻ വീട്ടിലേക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ഷംന പറഞ്ഞത്.
വീട്ടുകാർ ഇക്കാര്യം നിർമ്മാതാവിനോട് പറഞ്ഞപ്പോൾ കൈയിലുള്ള ഫോൺ കാണിച്ച് വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് ഷംന തനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വന്നതെന്നും ഇയാൾ പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിൽ ഷംന ഇക്കാര്യം പറയുകയും ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനിച്ചത്.
നിർമ്മാതാവിനെ ഷംനയെന്ന പേരിൽ മാറ്റാരെങ്കിലും സമീപിച്ചിരിക്കാനുള്ള സാദ്ധ്യതയും പൊലീസിന് മുന്നിലുണ്ട്. ഇക്കാര്യത്തിൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമെ ചിത്രം വ്യക്തമാകൂ എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |