തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച് കമ്മ്യൂണിസ്റ്റുകാരനായി മരിച്ച പെരുമ്പുഴ ഗോപാലകൃഷ്ണൻ എന്നും എളിമയുടെ ആൾരൂപമായിരുന്നു. കൊല്ലം എസ്.എൻ കോളേജിന്റെ മണ്ണിൽ തളിരിട്ടുനിന്ന കലയുടെ പൂമരത്തണലിൽ പെരുമ്പുഴ ഗോപാലകൃഷ്ണനുമുണ്ടായിരുന്നു. ഒ.എൻ.വിയും പുതുശേരി രാമചന്ദ്രനും ഒ.മാധവനുമൊക്കെ ചില്ലകളായി നിന്ന ആ പൂമരത്തിന്റെ തണലിലേക്ക് ജി.ദേവരാജനും വരുമായിരുന്നു. അന്നൊരിക്കൽ കോളേജിൽ എ.കെ.ജി എത്തിയപ്പോൾ പ്രസംഗിക്കാൻ അനുവദിച്ചില്ല. ഈ സൗഹൃദ സംഘം തൊട്ടടുത്ത പീരങ്കി മൈതാനത്ത് എ.കെ.ജിക്ക് പ്രസംഗിക്കാൻ വേദിയൊരുക്കി. മുന്നിൽ പെരുമ്പുഴയുമുണ്ടായിരുന്നു.
ഒരുദിവസം കൊല്ലത്ത് ചിന്നക്കടയിലൂടെ ഒ.എൻ.വിയും ഒ.മാധവനും പുതുശേരിയും പെരുമ്പുഴയും നടന്നുപോകുകയായിരുന്നു. അവരുടെ മുന്നിൽ എ.എൻ.ഗോവിന്ദൻനായർ പ്രത്യക്ഷപ്പെട്ടു. എങ്ങോട്ട് പോകുന്നുവെന്നായി എം.എൻ. വെറുതേ നടക്കുന്നുവെന്നായി നാൽവർ സംഘം. എങ്കിൽ ഞാനുമുണ്ടെന്നായി എം.എൻ. ആ നടത്തം എം.എനുമായി പെരുമ്പുഴയെ കൂടുതൽ അടുപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് പെരുമ്പുഴയെ കൂടുതൽ ആകർഷിച്ചതും എം.എനുമായുള്ള ചങ്ങാത്തമായിരുന്നു.
ശിവതാണ്ഡവം എന്ന സിനിമയ്ക്ക് ഞാനൊരു വീണാധാരി.... എന്ന ഗാനം രചിച്ചുകൊണ്ട് എം.ബി.ശ്രീനിവാസന്റെ സംഗീതത്തിൽ ചലച്ചിത്ര രംഗത്ത് എത്തിയ പെരുമ്പുഴ 'ശ്രീദേവി' എന്ന ചിത്രത്തിൽ ദേവരാജന്റെ സംഗീതത്തിൽ ഭക്തജനപ്രിയേ.. എന്ന ഗാനമേഴുതി. ആറ് സിനിമകൾക്ക് ഗാനമെഴുതിയ പെരുമ്പുഴ എന്നും ആൾക്കൂട്ടത്തിൽ തനിയെ നടക്കാൻ ആഗ്രഹിച്ചു. വയലാറിന്റെ ഓരോ പാട്ടും ഏത് രാഗമാണെന്നും ഏത് ഈണമാണെന്നും സ്വരവും പല്ലവിയും വിശദീകരിച്ചുകൊണ്ട് പെരുമ്പുഴ രചിച്ച രണ്ട് പുസ്തകങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |