ന്യൂഡൽഹി : പാകിസ്ഥാനിലെ പെഷവാർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ബോളിവുഡ് നടൻ രാജ് കപൂറിന്റെ ജന്മഗൃഹം തകർച്ചയുടെ വക്കിൽ. 'ഇന്ത്യൻ സിനിമയിലെ ഷോ മാൻ' ആയ രാജ് കപൂർ ജനിച്ചത് ഇവിടെയാണ്. നിലവിൽ പെഷവാറിലെ സമ്പന്നനായ ആഭരണ വ്യവസായി ഹാജി മുഹമ്മദ് ഇസ്‌റാർ ആണ് ഇപ്പോൾ ഈ വീടിന്റെ ഉടമ. ഇയാൾ ഈ കെട്ടിടം തകർത്ത് വമ്പൻ വാണിജ്യ സമുച്ചയം പണിയാനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന.
പെഷവാറിലെ ഖ്വിസ ഖവ്നി ബസാറിൽ സ്ഥിതി ചെയ്യുന്ന ' കപൂർ ഹവേലി ' എന്ന ഈ കൂറ്റൻ ബംഗ്ലാവ് ഒരു മ്യൂസിയമാക്കി മാറ്റണമെന്ന് 2018ൽ രാജ് കപൂറിന്റെ മകനായ അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂർ പാകിസ്ഥാൻ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ഋഷിയുടെ ആവശ്യം അധികൃതർ സമ്മതിയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ കെട്ടിടം സ്ഥിതി ചെയ്യുന്ന ഖൈബർ - പഖ്തുൻഖ്വ പ്രവിശ്യയിലെ ഭരണകൂടം കെട്ടിടം വാങ്ങുന്നതിനായി നിശ്ചയിച്ച തുകയുടെ പേരിൽ ഉടമയുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
ചരിത്രപ്രാധാന്യമുള്ള കപൂർ ഹവേലി ഏറ്റെടുക്കുന്നത് വഴി നിരവധി ടൂറിസ്റ്റുകളെ ഖൈബർ - പഖ്തുൻഖ്വ സർക്കാർ ലക്ഷ്യമിട്ടിരുന്നു. ഏകദേശം 5 കോടിയോളം പാകിസ്ഥാനി രൂപയാണ് ഈ സ്ഥലത്തിന്റെ വില. എന്നാൽ നഗരത്തിന്റെ കണ്ണായ ഈ പ്രദേശത്ത് വാണിജ്യ സമുച്ചയം പണിയണമെന്ന തീരുമാനത്തിൽ ഉറച്ചു നില്ക്കുകയാണ് ഉടമ.
കുറഞ്ഞത് മൂന്ന് തവണയെങ്കിലും കപൂർ ഹവേലി പൊളിച്ചു മാറ്റാൻ ഉടമ ശ്രമം നടത്തിയിരുന്നു. ഖൈബർ - പഖ്തുൻഖ്വയിലെ ഹെറിറ്റേജ് ഡിപ്പാർട്ട്മെന്റ് ഇടപെട്ടാണ് ഇത് തടഞ്ഞത്. അതേ സമയം, ഏത് സമയവും നിലംപൊത്താവുന്ന നിലയിലാണ് ദശാബ്ദങ്ങൾ പഴക്കമുള്ള കപൂർ ഹവേലി ഇന്ന്. കെട്ടിടം സംരക്ഷിക്കാൻ അധികൃതർ മുന്നോട്ട് വന്നില്ലെങ്കിൽ യാതൊരു പരിപാലനവുമില്ലാതെ കിടക്കുന്ന നാല്പതോളം മുറികളുള്ള കെട്ടിടം ഏത് നിമിഷവും തകർന്നുവീഴുമെന്ന് സമീപവാസികൾ പറയുന്നു.
1990കളിൽ ഋഷി കപൂറും സഹോദരൻ രൺധീർ കപൂറും ഇവിടം സന്ദർശിച്ചിരുന്നു. രാജ് കപൂറിന്റെ മുത്തച്ഛൻ ബശേശ്വർനാഥ് കപൂറാണ് കപൂർ ഹവേലി നിർമിച്ചത്. രാജ് കപൂറിന്റെ പിതാവും നടനുമായ പൃഥ്വിരാജ് കപൂറും ഇവിടെയാണ് ജീവിച്ചത്. 1947ൽ ഇന്ത്യാ - പാകിസ്ഥാൻ വിഭജനത്തോടെ കപൂർ കുടുംബം ഇന്ത്യയിലേക്കെത്തുകയും മുംബയിൽ താമസമാക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |