കാഠ്മണ്ഡു: ഭൂപട പരിഷ്കരണവുമായി ബന്ധപ്പെട്ട് ഇന്ത്യ- നേപ്പാൾ ബന്ധം മോശമാകുന്ന സാഹചര്യത്തിൽ വീണ്ടും വിവാദ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഒലി. ഭഗവാൻ ശ്രീരാമന്റെ ജന്മസ്ഥലം നേപ്പാളാണെന്ന വാദവുമായാണ് കെ.പി ഒലി രംഗത്തെത്തിയിരിക്കുന്നത്. ശ്രീരാമന്റെ രാജ്യമായ അയോദ്ധ്യ നേപ്പാളിലെ ബിർഗഞ്ചിന് അടുത്താണെന്നും ഇന്ത്യയിൽ ഉളളത് വ്യാജ അയോദ്ധ്യയാണെന്നും ഒലി പറഞ്ഞു. ഇന്ത്യ നേപ്പാളിന്റെ സാംസ്കാരിക സംഹിതകളിലേക്ക് അധിനിവേശം നടത്തിയതായും ഒലി ആരോപിച്ചു.
"ശ്രീരാമന്റെ രാജ്യം ഉത്തർപ്രദേശിലല്ല, ബാൽമീകി ആശ്രമത്തിനടുത്തുള്ള നേപ്പാളിലായിരുന്നു", ഒലി പറഞ്ഞു. ഉത്തർപ്രദേശിലാണെന്ന് ഇന്ത്യ അവകാശപ്പെടുന്ന അയോദ്ധ്യയിലെ നിവാസികൾ എങ്ങനെയാണ് സീതയെ വിവാഹം കഴിക്കാൻ ജനക്പൂരിലെത്തിയതെന്നും അക്കാലത്ത് ഫോണുകളില്ലായിരുന്നതിനാൽ അവർ എങ്ങനെ ആശയവിനിമയം നടത്തിയെന്നും ഒലി ചോദിച്ചു. അക്കാലത്ത് സമീപപ്രദേശങ്ങളിലെ രാജവംശങ്ങളിൽ നിന്നാണ് വിവാഹം നടത്തിയിരുന്നത്. ആരും വിവാഹത്തിനായി ദൂരസ്ഥലങ്ങളിലേക്ക് പോയിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം പ്രധാനമന്ത്രി ഒലിയെ അദ്ദേഹത്തിന്റെ പാർട്ടിയിൽ ഉളളവർ തന്നെ എതിർത്തു. നിലവിൽ ഇന്ത്യയും ചെെനയും തമ്മിൽ വിളളലുണ്ടെന്നും ഒലിയുടെ പ്രസ്താവനയിലൂടെ അത് വഷളാകുമെന്നുമാണ് അവരുടെ അഭിപ്രായം. നേപ്പാൾ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടിയിൽ ഉണ്ടായ വിള്ളലിനെത്തുടർന്ന് രാജിവയ്ക്കാനുള്ള സമ്മർദത്തിലായിരുന്നു നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി. ഒലിയുടെ രാജി ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി പ്രചണ്ഡ ഉൾപ്പെടെയുള്ള മുതിർന്ന എൻസിപി നേതാക്കൾ രംഗത്ത് വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |