ന്യൂയോർക്ക്: അമേരിക്കയിലെമ്പാടും പ്രശസ്തമായ കോഫീഷോപ്പ് ശൃംഖലയാണ് സ്റ്റാർബക്സ്. ന്യൂജഴ്സി പാർക്ക് റിഡ്ജിലെ സ്റ്റാർബക്സ് ഷോപ്പിലെത്തുന്ന പൊലീസുകാർക്ക് ' സ്പെഷ്യൽ കോഫിയാണ്' ലഭിക്കുക. ശരിക്കും നുരഞ്ഞ് പതഞ്ഞ കോഫി. കുടിച്ചാലോ വെറൈറ്റി രുചിയും. കാരണം അന്വേഷിച്ചപ്പോഴാണ് 'കള്ളി' വെളിച്ചത്തായത്. ഒരു ജീവനക്കാരൻ പതിവായി പൊലീസുകാർക്കുള്ള കോഫിയിൽ തുപ്പിയിടുമായിരുന്നത്രേ.
സംഭവം പുറത്തായതോടെ സ്റ്റാർബക്സ് ഈ ജീവനക്കാരനെ പുറത്താക്കി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കെവിൻ എ ട്രെജോ എന്ന 21കാരനെയാണ് അറസ്റ്റ് ചെയ്‍തെന്ന് പാർക്ക് റിഡ്‍ജ്‍ പൊലീസ് അവരുടെ വെബ്സൈറ്റിലൂടെ വ്യക്തമാക്കി. 'ഇയാൾ ഒറ്റയ്‍ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഒന്നിലധികം തവണ ആവർത്തിക്കുകയും ചെയ്‍തിട്ടുണ്ട്. എന്നാൽ ഇതിന് മതിയായ തെളിവില്ല. ഒരുതവണ ഇയാൾ കാപ്പിയിൽ തുപ്പിയതിന് കൃത്യമായി തെളിവ് ലഭിക്കുകയും ചെയ്‍തു.' പൊലീസ് പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇയാൾ ഉണ്ടാക്കിയ കാപ്പി കുടിച്ച് പൊലീസുകാർക്ക് അസുഖങ്ങൾ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചു. പക്ഷേ, എങ്ങനെയാണ് ഇയാളുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ടാണ് പൊലീസുകാർക്കുള്ള കോഫിയിൽ തുപ്പുന്നതെന്ന ചോദ്യത്തിനും ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
അമേരിക്കയിലെ പ്രധാനപ്പെട്ട കോഫിഷോപ്പ് ശൃംഖലയാണ് സ്റ്റാർബക്സ്.
ലോകത്തിലെ ഏറ്റവും വലിയ കോഫിഷോപ്പ് ശൃംഖലയാണെന്നാണ് സ്റ്റാർബക്സ് അവകാശപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |