ടെക്സാസിൽ വ്യാപക മണ്ണിടിച്ചലും വെള്ളപ്പൊക്കവും
വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിൽ വലയുന്ന അമേരിക്കയ്ക്ക് ഭീഷണിയായി ഹന്ന ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ടെക്‌സാസ് തീരത്ത് മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ വീശുന്ന ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയുമുണ്ട്. പലയിടത്തും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കടലിൽ വലിയ ഉയരത്തിൽ തിരമാലകളും രൂപപ്പെട്ടു. കൊവിഡ് വ്യാപനം രൂക്ഷമായ മേഖലയിലാണ് ചുഴലിക്കാറ്റുള്ളത്. ടെക്സാസിലെ 32 കൗണ്ടികളിൽ ദുരന്ത മുന്നറിയിപ്പ് നൽകി. പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ദക്ഷിണ ടെക്സാസിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്ന ഹന്ന 2020 അറ്റ്‌ലാന്റിക് സീസണിൽ അമേരിക്കയിൽ ഉണ്ടാകുന്ന ആദ്യ ചുഴലിക്കാറ്റാണ് . അതിനൊപ്പം കന്നത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്.
ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് ഒന്നാം കാറ്റഗറിയിൽപ്പെട്ട ചുഴലിക്കാറ്റ് തീരംതൊട്ടത്. പോർട്ട് മാൻസ്‌ഫീൽഡിന് 15 മൈൽ വടക്ക് പാഡ്രെ ദ്വീപിൽ കനത്ത മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സാർജന്റ് പട്ടണം മുതൽ തെക്ക് പോർട്ട് മാൻസ്‌ഫീൽഡ് വരെ 300 മൈൽ പ്രദേശത്ത് മാരകമായ കൊടുങ്കാറ്റ് വീശുമെന്ന് ദേശീയ ചുഴലിക്കാറ്റ് നിയന്ത്രണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയോടെ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞേക്കുമെന്നും തിങ്കളാഴ്ച ശക്തമായ മഴ പെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. മുൻ വർഷങ്ങൾക്ക് വിഭിന്നമായി ഇത്തവണ കൊവിഡ് വെല്ലുവിളികൾക്കിടയിലാണ് പ്രകൃതി ദുരന്തത്തെ നേരിടേണ്ടി വന്നിരിക്കുന്നത്. സാമൂഹിക അകലപെരുമാറ്റ ചട്ടങ്ങൾ പാലിച്ചും വേണം ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും മറ്റും ചെയ്യേണ്ടതെന്നാണ് വെല്ലുവിളി.
കോർപ്പസ് ക്രിസ്റ്റിയിലെ ജനങ്ങൾ അതീവ അപകടമേഖലയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകുന്നവർ സാമൂഹ്യ അകലം പാലിക്കണം. മാസ്‌കുകൾ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കരുതണം.
-ജോ മക്കോമ്പ്, കോർപസ് ക്രിസ്റ്റി മേയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |