നിലമ്പൂർ: ജില്ലയുടെ അഭിമാനമായി നിലമ്പൂരിൽ നിന്ന് രണ്ട് സിവിൽ സർവീസ് റാങ്കുകാർ. നിലമ്പൂർ ചന്തക്കുന്ന് മയ്യന്താനി സ്വദേശി ജിതിൻ റഹ്മാനും മുതീരി സ്വദേശി അർജ്ജുനുമാണ് ഇത്തവണത്തെ സിവിൽ സർവീസിൽ ജില്ലയുടെ അഭിമാനമായത്. ജിതിന് 176ഉം അർജ്ജുന് 349ാം റാങ്കുമാണ്. അഞ്ചാം ശ്രമത്തിലാണ് ഇരുവരുടെയും സ്വപ്നസാഫല്യം.
രണ്ടുപേരും ആദ്യ രണ്ടുശ്രമങ്ങളിലും അഭിമുഖത്തിൽ പുറത്താവുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ജിതിൻ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചത്. 808 ാം റാങ്ക്. നാലാമത്തെ ശ്രമത്തിൽ 605ാമത്തെ റാങ്ക് എത്തിപ്പിടിച്ചു. ഹരിയാനയിൽ ഐ.സി.എൽ.സിയിൽ പരിശീലനത്തിലായിരുന്നു. പരിശീലനം ആറ് മാസം പിന്നിട്ടിരുന്നു. വീണ്ടും പരീക്ഷയെഴുതി അഞ്ചാമത്തെ ശ്രമത്തിലാണ് ജിതിൻ 176ാം റാങ്കിലെത്തിയത്. ഐ.എ.എസ് ലഭിക്കുമെന്നാണ് ജിതിന്റെ പ്രതീക്ഷ.
ചന്തക്കുന്നിലുള്ള മയ്യന്താനി റോഡിൽ താമസിക്കുന്ന അസീസ് റഹ്മാൻ കുന്നത്ത് പറമ്പന്റെയും(റിട്ട. മാനേജർ കേരള ഗ്രാമീൺ ബാങ്ക്) കുഴിക്കാടൻ സുബൈദയുടെയും മകനാണ്. ഭാര്യ: സാദിയ സിറാജ്( ലക്‌നൗവിൽ ഐ.ഐ.എമ്മിൽ എം.ബി.എ). സഹോദരൻ വിപിൻ റഹ്മാൻ വിദേശത്ത് സിവിൽ എൻജിനീയറാണ്.
നിലമ്പൂർ മുതീരി ശ്രീപാദത്തിൽ പരേതനായ ഉണ്ണികൃഷ്ണന്റെ മകനാണ് അർജ്ജുൻ കാവുങ്ങൽ. തിരുവന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗിലാണ് പഠിച്ചത്. ഇപ്പോൾ 2016ലെ സിവിൽ സർവീസിലെ പോസ്റ്റിംഗിനെ തുടർന്ന് ചെന്നൈയിലെ ഇന്ത്യൻ കോർപ്പറേറ്റ് ലോ സർവീസിൽ ജോലി ചെയ്തുവരികയാണ്. മുമ്പ് കേരള വനംവകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. ഐ.എ.എസ് ആണ് ലക്ഷ്യമിടുന്നത്. ഒരുതവണ കൂടി സിവിൽ സർവീസ് എഴുതുമെന്നും അർജ്ജുൻ പറയുന്നു. മാതാവ്: പത്മജ (മമ്പാട് പി.എച്ച്സി). ഭാര്യ: ശിൽപ്പദാസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |