മുംബയ്: സുശാന്ത് സിംഗ് രാജ്‌പുതിന്റെ മരണവുമായി ബന്ധപ്പെട്ട്, ചോദ്യം ചെയ്യലിനായി നടി റിയ ചക്രവർത്തി മുംബയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായി. ചോദ്യം ചെയ്യലിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന റിയയുടെ ആവശ്യം തള്ളിയതിനെ തുടർന്നാണ് ഇന്നലെ രാവിലെ 11.30 ന് നടി ചോദ്യം ചെയ്യലിന് ഹാജരായത്.
റിയയോട് പണമിടപാടുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും ഇ.ഡി നിർദ്ദേശിച്ചിരുന്നു. സുശാന്തിന്റെ പണം തട്ടിയെടുത്തെന്ന് ആരോപിച്ച് പിതാവ് കെ.കെ.സിംഗ് പട്നയിലെ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റിയയ്ക്കും ബന്ധുക്കൾക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. സുശാന്തിന്റെ ജീവനക്കാരനായ സാമുവൽ മിറാൻഡയെ തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. അതേസമയം, സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ഉൾപ്പെടെ ആറു പേർക്കെതിരെ സി.ബി.ഐ കഴിഞ്ഞദിവസം കേസ് രജിസ്റ്റർ ചെയ്തു. റിയ ചക്രവർത്തി, ഇന്ദ്രജിത്ത് ചക്രവർത്തി, സന്ധ്യ ചക്രവർത്തി, ഷോവിക് ചക്രവർത്തി, സാമുവൽ മിറാൻഡ തുടങ്ങിയവർക്കെതിരെയാണ് ക്രിമിനൽ ഗൂഢാലോചന, ആത്മഹത്യാപ്രേരണ, അനധികൃതമായ തടഞ്ഞുചുവയ്ക്കൽ, മോഷണം, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി സി.ബി.ഐ കേസെടുത്തത്.
ബിഹാർ പൊലീസ് സുപ്രീംകോടതിയിൽ
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ മുംബയ് പൊലീസിനെതിരെ ബിഹാർ പൊലീസ് സുപ്രീംകോടതിയിൽ. ആരോപണവിധേയയായ റിയാ ചക്രബർത്തിയെ മുംബയ് പൊലീസ് സഹായിച്ചതായും കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് തടസം സൃഷ്ടിച്ചതായും ബിഹാർ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കേസ് ബിഹാറിൽ നിന്ന് മുംബയിലേക്ക് മാറ്റണമെന്നാണ് റിയയുടെ ആവശ്യം. മുൻധാരണയോടെ ബിഹാർ പൊലീസ് തനിക്കെതിരെ നീങ്ങുന്നുവെന്ന് വാദിക്കുന്നതല്ലാതെ റിയ ഇതിന് തെളിവൊന്നും സമർപ്പിച്ചിട്ടില്ലെന്നാണ് ബിഹാർ പൊലീസിന്റെ വാദം. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്‌തെന്നാരോപിച്ച് സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിലാണ് ബിഹാർ പൊലീസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |