പെരുമ്പാവൂർ: കുറുപ്പംപടി നൂലേലി പള്ളിപ്പടിയിൽ ഭാര്യയെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയശേഷം അന്യസംസ്ഥാന തൊഴിലാളി താമസസ്ഥലത്ത് തൂങ്ങിമരിച്ചു. ഒഡീഷ സ്വദേശിയായ വിഷ്ണുപ്രധാനാണ് (26) ഭാര്യ സിലയെ (23) താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
അരയ്ക്കുതാഴെ വിവസ്ത്രയായ രീതിയിൽ തറയിലാണ് സിലയുടെ മൃതദേഹം കണ്ടെത്തിയത്. മുടിയിൽ കുത്തിപ്പിടിച്ച് തല ഭിത്തിയിൽ ഇടിപ്പിച്ചതിന്റെ ലക്ഷണങ്ങളുണ്ട്. ഭിത്തിയിൽ ചാരി ഇരുത്തിയശേഷം കഴുത്തറുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. അശമന്നൂർ പഞ്ചായത്തിലെ നൂലേലി പള്ളിപ്പടിയിൽ ഇവർ താമസിക്കുന്ന മുറിക്കുള്ളിലാണ് സംഭവം. കാരണമെന്തെന്ന് വ്യക്തമല്ല.
ജനലിനോടുചേർന്നുള്ള ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 9വരെ ഇരുവരെയും സമീപത്ത് താമസിക്കുന്നവർ കണ്ടിരുന്നു. ഇന്നലെ രാവിലെ വെള്ളമെടുക്കാൻ പതിവായെത്തിയിരുന്ന സില വരാതിരുന്നതോടെ സംശയം തോന്നിയ അടുത്തമുറിയിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാർ തിരക്കിച്ചെന്നപ്പോഴാണ് വിഷ്ണുപ്രധാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് കെട്ടിട ഉടമയെ വിവരം അറിയിക്കുകയായിരുന്നു. കുറുപ്പംപടി പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഈ ദമ്പതികൾക്ക് മക്കളില്ല. പെരുമ്പാവൂരിനടുത്തുള്ള അറയ്ക്കപ്പടിയിൽ നിന്ന് ഇവിടെ താമസം തുടങ്ങിയിട്ട് ഒരുമാസത്തോളമേ ആയിട്ടുള്ളു. ഇരുവരും പ്ളൈവുഡ് ഫാക്ടറിയിലെ ജീവനക്കാരാണ്. ഇതുവരെ ബന്ധുക്കളാരും എത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനാഫലം വന്നശേഷം മൃതദേഹങ്ങൾ വിട്ടുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |