ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ ചെയർമാനായി ദിനേശ് കുമാർ ഖര നിയമിതനായേക്കും. അദ്ദേഹം നിലവിൽ ബാങ്കിന്റെ ഗ്ളോബൽ ബാങ്കിംഗ്, ഉപസ്ഥാപനങ്ങൾ, അസോസിയേറ്റ് ബാങ്കുകൾ എന്നിവയുടെ ചുമതലയുള്ള മാനേജിംഗ് ഡയറക്‌ടറാണ്.
പൊതുമേഖലാ ബാങ്കുകളുടെ തലവന്മാരെ തിരഞ്ഞെടുക്കുന്ന ബാങ്ക്സ് ബോർഡ് ബ്യൂറോയാണ് (ബി.ബി.ബി) കേന്ദ്രസർക്കാരിന് ഖരയുടെ പേര് ശുപാർശ ചെയ്‌തത്. നിലവിലെ ചെയർമാനായ രജനീഷ് കുമാർ ഒക്‌ടോബറിൽ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ചെയർമാനെ കണ്ടെത്താൻ ബി.ബി.ബി നടപടികളെടുത്തത്.
എസ്.ബി.ഐയുടെ മാനേജിംഗ് ഡയറക്‌ടർമാരായ ഖര, സി.എസ്. ഷെട്ടി, അർജിത് ബസു, അശ്വനി ഭാട്ടിയ എന്നിവരുമായി ബി.ബി.ബി അഭിമുഖം നടത്തി. അഭിമുഖത്തിലെ പ്രകടനവും ബാങ്കിംഗ് രംഗത്തെ പരിചയസമ്പത്തും കണക്കിലെടുത്താണ് ഖരയുടെ പേര് ശുപാർശ ചെയ്‌തത്. സി.എസ്. ഷെട്ടിയെ ചെയർമാൻ സ്ഥാനത്തേക്കുള്ള 'റിസർവ് പട്ടികയിലും" ഉൾപ്പെടുത്തി.
അർജിത് ബസുവും അടുത്തമാസം വിരമിക്കാനിരിക്കുകയാണ്. അശ്വനി ഭാട്ടിയ മാനേജിംഗ് ഡയറക്‌ടറായി ഈമാസം നിയമിതനായിട്ടേയുള്ളൂ. ഇതുകൂടി പരിഗണിച്ചാണ് ഖരയ്ക്ക് നറുക്കുവീണത്. 1984ൽ പ്രൊബേഷണറി ഓഫീസറായി എസ്.ബി.ഐയിൽ എത്തിയ ഖര, 2016 ആഗസ്‌റ്ര് 10നാണ് മാനേജിംഗ് ഡയറക്‌ടറായത്. എസ്.ബി.ഐ ഫണ്ട്സ് മാനേജ്‌മെന്റ് പ്രൈവറ്ര് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |