ന്യൂയോർക്ക്: പാകിസ്ഥാന് തിരിച്ചടിയേകി, കാശ്‌മീർ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ 'കാലഹരപ്പെട്ട അജണ്ട' എന്ന ലിസ്റ്റിൽപ്പെടുത്തി എന്നന്നേയ്ക്കുമായി വിലക്കണമെന്ന് ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സമാധാനത്തിന്റെ വക്താക്കളായി പാകിസ്ഥാൻ സ്വയം ചമയുമ്പോഴും അവിടം ഭീകര പ്രവർത്തനങ്ങളുടെ പ്രഭവ സ്ഥാനമാണെന്നും ഇന്ത്യ ആരോപിച്ചു.
യു.എൻ രക്ഷാസമിതിയുടെ വാർഷിക റിപ്പോർട്ടിന് ആമുഖമായി നടന്ന വെർച്വൽ മീറ്റിംഗിലും ജമ്മു കാശ്‌മീരിലെ പ്രശ്നം പാക് യു.എൻ പ്രതിനിധി മുനീർ അക്രം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം മൂന്ന് തവണ ഈ വിഷയം രക്ഷാസമിതി ചർച്ചയ്‌ക്കെടുത്തുവെന്നും പാക് പ്രതിനിധി ചൂണ്ടിക്കാട്ടി. കഴിഞ്ഞ അമ്പത്തഞ്ച് വർഷമായി കാശ്‌മീർ ഔദ്യോഗിക വിഷയമായി സുരക്ഷാസമിതിയിൽ ചർച്ചയായിട്ടില്ലെന്നും അതിനാൽ തന്നെ കാലഹരണപ്പെട്ട വിഷയമായി പരിഗണിക്കണമെന്നും ഇന്ത്യയുടെ യു.എൻ പ്രതിനിധി തിരുമൂർത്തി മറുപടി നൽകി.
ഇന്ത്യയുടെ പുതിയ നീക്കം പാകിസ്ഥാന് തലവേദനയായിരിക്കയാണ്. രക്ഷാസമിതിയിൽ സ്ഥിരാംഗമായ ചൈനയുടെ നിലപാട് നിർണായകമാവുമെങ്കിലും ഇന്ത്യയ്ക്ക് ലഭിച്ചേക്കാവുന്ന പിന്തുണ പാകിസ്ഥാന് തിരിച്ചടിയായേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |