പൂവാർ: അടച്ചിരിപ്പിന്റെ പൂട്ടുവീണ വിദ്യാലയങ്ങളിൽ ഇന്ന് ആരവമൊഴിഞ്ഞ അദ്ധ്യാപക ദിനാചരണം. സ്കൂളുകൾക്കൊപ്പം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാതായതോടെ ഇക്കൊല്ലത്തെ അദ്ധ്യാപക ദിനാചരണം കടലാസിലേക്കൊതുങ്ങി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥിതി ഇതുതന്നെ.
ലോക്ക് ഡൗണായതോടെ അദ്ധ്യാപകരും വിദ്യർത്ഥികളുമെല്ലാം വീട്ടിലേക്കൊതുങ്ങി. പഠിപ്പുമുടക്ക് പ്രഖ്യാപിക്കുന്ന വിദ്യാർത്ഥി സംഘടനകളും ചിത്രത്തിലില്ലാതായി. അദ്ധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയെന്ന പരാതി രക്ഷിതാക്കൾക്കുമില്ല.
കൊവിഡെത്തിയതോടെ ലോക വിദ്യാഭ്യാസ രംഗംതന്നെ മാറിമറിഞ്ഞു. സംസ്ഥാനത്തും അതിന്റെ അലയൊലികളായി. ഓൺലൈൻ വിദ്യാഭ്യാസം പിടിമുറുക്കിയതോടെ അദ്ധ്യാപകർ ടി.വിയിലും മൊബൈലിലും മാത്രം പ്രത്യക്ഷരായി. വിദ്യാർത്ഥികൾ പ്രേക്ഷകരും. ഇനി എന്ന് സ്കൂളിൽ ഒന്നിച്ചെത്താമെന്ന ആശങ്കയിലാണ് അദ്ധ്യാപക ദിനം കടന്നുപോകുന്നത്.
പരിചിതരെ മറന്ന് ചാനൽ ക്ലാസ്സുകളിൽ അപരിചിതരായ അദ്ധ്യാപകരെയാണ് ദിനവും കണ്ടുകൊണ്ടിരിക്കുന്നത്. ഗൂഗിൾ മീറ്റ് വഴിയുള്ള അദ്ധ്യാപകരുടെ ശബ്ദം മാത്രമാണ് ആകെയുള്ള ആശ്വാസം. അദ്ധ്യാപകരുടെ ജോലിക്കും കൊവിഡ് ഭീഷണിയായി. സ്വകാര്യ വിദ്യാലയങ്ങളിലെയും, പാരലൽ വിദ്യാഭ്യാസ സ്ഥാപനത്തിലെയും അദ്ധ്യാപകർ ദുരിത ജീവിതത്തിലാണ്. അതിനിടെ ചുരുക്കം ചില സ്കൂളുകൾ കൊവിഡ് ആശുപത്രികളുമായി. അങ്ങനെ അടച്ചിരിപ്പിന്റെ അദ്ധ്യാപക ദിനത്തിൽ ആരവമില്ലാതെ വീടുകളിലേക്കൊതുങ്ങുകയാണ് വിദ്യാർത്ഥികളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |