തിരുവല്ല: താലൂക്കിന്റെ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനായി രണ്ടാഴ്ച മുമ്പ് നിരത്തിലിറക്കിയ വാഹനത്തിൽ ഇന്നലെ വരെ 1402 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 23 പേർക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലും പെരിങ്ങര, നെടുമ്പ്രം, കടപ്ര, നിരണം, കുറ്റൂർ പഞ്ചായത്തുകളിലുമായി കഴിഞ്ഞ മാസം 20 മുതലാണ് വാഹനത്തിലുള്ള പരിശോധനകൾ ആരംഭിച്ചത്. ഓരോ പ്രദേശങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശോധനകൾ നടത്തുന്നത്. അര മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയാൻ സാധിക്കും. പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെയും പരിശോധന ആവശ്യമായി വരുന്ന മറ്റുള്ളവർക്കും അടിയന്തരമായി രോഗപരിശോധന നടത്താൻ കൊവിഡ് ടെസ്റ്റ് വെഹിക്കിൾ പ്രയോജനപ്പെടുന്നുണ്ട്. കച്ചവട സ്ഥാപന ഉടമകൾ, ജീവനക്കാർ, പൊതുപ്രവർത്തകർ, ആശാ - കുടുംബശ്രീ പ്രവർത്തകർ, പൊലീസുകാർ എന്നിവരുടെ സ്രവങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. താലൂക്കിൽ ആർ.ടി.പി.സി.ആർ പരിശോധനാ നടത്താൻ നിലവിൽ ഒരു കിയോസ്‌ക്ക് മാത്രമാണുള്ളത്. താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഈ കിയോസ്‌ക്കിൽ നിന്ന് സ്രവം ശേഖരിച്ച് ഫലം ലഭിക്കാൻ വൈകുന്നതിനാൽ ആന്റിജൻ പരിശോധന അധികൃതർ വ്യാപകമാക്കിയിരിക്കുകയാണ്.
പ്രതിദിനം നൂറ് മുതൽ 200 പേരുടെ പരിശോധനകൾ ഇപ്പോൾ നടത്തുന്നുണ്ട്.
ഡോ. മാമ്മൻ പി. ചെറിയാൻ,
നോഡൽ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |