കാലിഫോർണിയ: ഫേസ്ബുക്കിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ എൻജിനിയർ അശോക് ചന്ദ്‌വാനെ രാജി വച്ചു. വിദ്വേഷപ്രചരണങ്ങളുടെ കേന്ദ്രമായി ഫേസ്ബുക്ക് മാറിയെന്ന് ആരോപിച്ചാണ് അശോക് രാജി പ്രഖ്യാപിച്ചത്.
അമേരിക്കയിലും ആഗോളതലത്തിലും വിദ്വേഷം പ്രചരിപ്പിച്ച് ലാഭമുണ്ടാക്കുന്ന ആപ്പിന് വേണ്ടി ജോലി ചെയ്യാനാവില്ലെന്ന് അശോക് കമ്പനിയെ അറിയിച്ചു.
ഫേസ്ബുക്ക് ഒരു സ്ഥാപനമെന്ന നിലയ്ക്ക് മികച്ച പിന്തുണ നൽകുന്നുണ്ടെന്നും സാമൂഹിക നന്മയിലൂടെയാണ് ലാഭം ഉണ്ടാക്കുന്നതെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, സമീപകാലത്ത് ഉണ്ടായ പല വിദ്വേഷപ്രചരണങ്ങളേയും തടുക്കുന്നതിൽ ഫേസ്ബുക്കിന് വീഴ്ച സംഭവിച്ചു. വംശീയത, ആക്രമണം നടത്താനുള്ള ആഹ്വാനങ്ങൾ എന്നിവയെ ചെറുക്കാൻ ഫേസ്ബുക്കിന് സാധിച്ചില്ല. മ്യാൻമറിലെ വംശഹത്യ, കെനോഷയിലെ അക്രമങ്ങൾ, വംശീയവാദങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിൽ ഫേസ്ബുക്കിന് പങ്കുണ്ട്. ട്രംപ് നടത്തിയ വിദ്വേഷപരാമർശങ്ങൾക്കെതിരെ യാതൊരു നടപടി സ്വീകരിക്കാനും ഫേസ്ബുക്ക് തയ്യാറായില്ലെന്നും അശോക് പറയുന്നു.
അതേസമയം അശോക് ഉന്നയിച്ചതുപോലെ വിദ്വേഷപ്രചരണങ്ങളിൽ നിന്ന് ഫേസ്‌ബുക്ക് സാമ്പത്തിക ലാഭം നേടുന്നില്ലെന്ന് ഫേസ്ബുക്ക് വക്താവ് ലിസ് ബർഗിയോസ് പറഞ്ഞു. കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും ഫേസ്ബുക്ക് പോളിസി രൂപീകരണത്തിനായി ചെലവഴിക്കുന്നത്. വിദ്വേഷപ്രചരണത്തെ ഫേസ്ബുക്ക് പിന്തുണയ്ക്കുന്നില്ലെന്നും അശോകിന്റെ ആരോപണങ്ങൾ പരിശോധിക്കുമെന്നും ലിസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |