കാസർകോട്: കുമ്പള നായ്ക്കാപ്പിലെ മിൽ ജീവനക്കാരൻ ഹരീഷിനെ(36) കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. കുമ്പള റെയിൽവെ സ്റ്റേഷന് സമീപം പൈ കോമ്പൗണ്ടിലെ സച്ചിനെ (27) യാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി. പ്രമോദും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞ മാസം 18 ന് രാത്രി 10 മണിയോടെ മില്ലിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നായ്ക്കാപ്പിൽ വെച്ച് ഒരു സംഘം ബൈക്ക് തടഞ്ഞ് ഹരീഷിനെ കുത്തിവീഴ്ത്തിയത്. പ്രതികൾ എത്തിയ കാറിലെ ഡ്രൈവറായിരുന്നു സച്ചിൻ എന്ന് പൊലീസ് പറഞ്ഞു. പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഹരീഷ് മരിച്ചത്.
കേസിലെ ഒന്നാം പ്രതി കുമ്പള ബദിയടുക്ക റോഡിൽ പെട്രോൾ പമ്പിന് സമീപത്ത് താമസിക്കുന്ന ശ്രീകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടും മൂന്നും പ്രതികളായ, പെട്രോൾ പമ്പിന് സമീപത്തെ റോഷൻ(19), മണികണ്ഠൻ(18) എന്നിവരെ ചേടിഗുമ്മെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല നടന്ന് രണ്ടാം ദിവസമാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സച്ചിന്റെ അറസ്റ്റോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. സംഘത്തെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |