നെടുമങ്ങാട് : എസ്റ്റേറ്റ് മേഖലയിൽ ദുരിതം അനുഭവിക്കുന്ന തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ കാടും പുഴയും കടന്ന് നെടുമങ്ങാട് ഗവ. കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളന്റിയർമാരെത്തി. ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളിൽ മരുന്നും ചികിത്സയുമില്ലാതെ നരകിക്കുന്ന തൊഴിലാളികൾക്ക് വൈദ്യസഹായവും പുതപ്പുകളും നൽകി. അരിയും പലവ്യഞ്ജനങ്ങളും സോപ്പും ഫേസ് മാസ്കുകളും സമ്മാനിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലായ എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതം അടുത്തിടെ 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ അൻസറും പ്രിൻസിപ്പൽ ഡോ.സജി സ്റ്റീഫനും മുൻകൈയെടുത്താണ് എസ്റ്റേറ്റുകൾ സന്ദർശിച്ചത്. ബോണക്കാട്, ബ്രൈമൂർ തോട്ടങ്ങളിലെ നൂറോളം നിർദ്ധന കുടുംബങ്ങൾ പട്ടിണിയും പരിവട്ടവുമായാണ് ദിവസം കഴിച്ചുകൂട്ടുന്നത്. ശമ്പള കുടിശികയും കാലവർഷക്കെടുതി ആനുകൂല്യങ്ങളും ഇനിയും ഇവർക്ക് ലഭിച്ചിട്ടില്ല. ആതുര സേവനത്തിന് കിലോമീറ്ററുകൾ താണ്ടി വിതുരയിലും പാലോട്ടുമുള്ള സർക്കാർ ആശുപത്രികളെ ആശ്രയിക്കണം. കുട്ടികളുടെ ഓൺലൈൻ പഠനം അനിശ്ചിതത്വത്തിലാണ്. തോട്ടം താഴ്‌വരയായ കല്ലാറിലും ഞാറനീലിയിലുമുള്ള വനം സംരക്ഷണസമിതി കുടുംബങ്ങൾക്കും ആദിവാസി ഊരുകളിലെ താമസക്കാർക്കും വിദ്യാർത്ഥികൾ പുതുവസ്ത്രങ്ങളും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു. തുടർസഹായമായി എസ്റ്റേറ്റ് ലയങ്ങളിലെ കിടപ്പ് രോഗികൾക്ക് സുമനസുകളുടെ സഹായത്തോടെ കട്ടിലുകൾ വിതരണം ചെയ്യുമെന്ന് ഡോ.അൻസർ പറഞ്ഞു. ഡോ.ഷംലി, ഡോ.അലക്സ്,എൻ.എസ്.എസ് ലീഡർ കുമാരി അജിന വലിയമല സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |