ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും രാഷ്ട്രീയ എതിരാളി എച്ച്.ഡി കുമാരസ്വാമിയും അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഭരണപക്ഷമായ ബി.ജെ.പിയും കോൺഗ്രസ് സഖ്യകക്ഷിയായ ജെ.ഡി.എസും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണിത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഓഫീസിൽ ഇരുനേതാക്കളും തമ്മിൽ 20 മിനിട്ടോളം ചർച്ച നടത്തി. ചർച്ച ചെയ്ത വിഷയങ്ങൾ വ്യക്തമല്ലെങ്കിലും കൂടിക്കാഴ്ച തുടങ്ങുന്നതിന് മുമ്പ് യെദിയൂരപ്പ മുതിർന്ന മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുറി വിടാൻ പറഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ ഇരുനേതാക്കളും തമ്മിൽ രാഷ്ട്രീയ വിഷയങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ലെന്നാണ് മന്ത്രിമാരും ജെ.ഡി.എസ് നേതാക്കളും വിശദീകരിക്കുന്നത്.
ദസറഹള്ളിയിലെ മഴക്കെടുതിയെപ്പറ്റിയാണ് ചർച്ച നടത്തിയതെന്നായിരുന്നു ചർച്ചയ്ക്ക് ശേഷം കുമാരസ്വാമിയുടെ പ്രതികരണം.
ചില ഫണ്ടുകൾ അനുവദിക്കുന്നതിനെപ്പറ്റിയാണ് ചർച്ച നടത്തിയതെന്നും വ്യക്തിപരമായ സംഭാഷണങ്ങൾ ഉണ്ടായില്ലെന്നും ഒരു മുതിർന്ന ബി.ജെ.പി നേതാവ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. ഇരുപാർട്ടികളും ഒന്നിച്ചാൽ കർണാടകയിലെ പ്രമുഖ സമുദായങ്ങളായ ലിങ്കായത്ത്, വൊക്കലിഗ വോട്ടുകൾ ഏകോപിപ്പിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |