അബുദാബി: കൊവിഡിന്റെ രണ്ടാം ഘട്ടവ്യാപന ഭീതിയിലാണ് യു.എ.ഇ. ശനിയാഴ്ച മാത്രം ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. മെയ് 22ന് 994കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.
നിയന്ത്രണങ്ങൾക്ക് നൽകിയ ഇളവുകളാണ് രണ്ടാം ഘട്ട വ്യാപനത്തിന് കാരണമായിരിക്കുതെന്നാണ് റിപ്പോർട്ട്. സ്‌കൂളുകളും മാളുകളും കടകളും പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന് പുറമെ, വിനോദസഞ്ചാരികൾ കൂടി എത്തിയതോടെ രോഗം വ്യാപിക്കുകയാണ്. ഒത്തുചേരലുകൾ വഴിയാണ് രോഗബാധയുടെ 88 ശതമാനവും ഉണ്ടായിരിക്കുന്നത്.
കൊവിഡ് വീണ്ടും വർദ്ധിച്ചതോടെ കടുത്ത ശിക്ഷാ നടപടികൾക്കാണ് യു.എ.ഇ തയ്യാറെടുക്കുന്നത്. ഒത്തുചേരലുകൾ അടക്കമുള്ളവ തടയുന്നതിനായി കടുത്ത പിഴ ഏർപ്പെടുത്തി. ഒത്തുകൂടലിന്റെ സംഘാടകന് 10,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 5,000 ദിർഹവും പിഴയായി അടയ്ക്കണം.
അടുത്തകാലത്ത് സാമൂഹിക അകലവും മാസ്കിന്റെ ഉപയോഗവും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ആഘോഷവേളകൾക്ക് പുറമെ, ശവസംസ്കാര വേളയിലും ആളുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ ആലിംഗനമോ ഹസ്തദാനമോ അണുബാധ പടരാൻ ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു.
ഭീഷണിയായി പകർച്ചപ്പനിയും
രാജ്യത്ത് പകർച്ചപ്പനി സീസൺ തുടങ്ങി. അംഗീകൃത ഫ്ലൂ വാക്സിനുകൾ ലഭിച്ചതായും മറ്റ് പകർച്ചവ്യാധികളെയും വെല്ലുവിളിയേയും നേരിടാൻ തയ്യാറാണെന്നും ആരോഗ്യ വിദഗ്ദ്ധർ അറിയിച്ചു.
സെപ്തംബർ മുതൽ മാർച്ച വരെയാണ് പകർച്ചപ്പനിയുടെ കാലം. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം വൈറൽ രോഗങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു.
അബുദാബി ആരോഗ്യ വിഭാഗം എല്ലാ വർഷവും സ്വദേശികൾക്ക് സൗജന്യമായി ഫ്ലൂ വാക്സിനുകൾ നൽകാറുണ്ട്. സ്വകാര്യ ആശുപത്രികളിലും വാക്സിൻ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |