തൃശൂർ : ജില്ലയിൽ ദുരിത പെയ്ത്തുമായി മഴ. തുടർച്ചയായ ദിവസങ്ങളിൽ നിറുത്താതെ പെയ്യുന്ന മഴയിൽ ഏറെ ദുരിതമാണ് ഉണ്ടാകാറുള്ളതെങ്കിലും ചില ഭാഗങ്ങളിൽ കാർഷിക മേഖലയിലെ നാശനഷ്ടമൊഴിച്ചാൽ മുൻകാലങ്ങളെ പൊലെ വലിയ തോതിലുള്ള നഷ്ടമുണ്ടായിട്ടില്ല. വരും ദിവസങ്ങളിൽ അതിശക്തമായ മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ. മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. രണ്ട് ദിവസം മുമ്പ് വരെ ഇരുപത് ശതമാനത്തോളം മഴയുടെ കുറവുണ്ടായിരുന്നത് മൈനസ് 17 ലേക്ക് ചുരുങ്ങി. ജില്ലയിലെ എല്ലാ ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. പ്രധാന ഡാമുകളിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. എന്നാൽ ഡാമുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം പത്താഴക്കുണ്ട് ഡാം തുറക്കാൻ കളക്ടർ അനുമതി നൽകി. 12.5 മീറ്റർ ആയാൽ ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയാം. പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളിലും ജലനിരപ്പ് ഉയർന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴയുണ്ട്. 17 വരെ മഴ നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. ബംഗാൾ ഉൾക്കടലിൽ ഇന്നലെ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഭാഗമായി അതിശക്തമായ മഴ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്.
മഴ കൂടുതൽ കൊടുങ്ങല്ലൂരിൽ
കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത മഴയിൽ ഏറ്റവും കൂടുതൽ ലഭിച്ചത് കൊടുങ്ങല്ലൂരിലാണ്. കുറവ് വെള്ളാനിക്കരയിലാണ്. മഴക്കണക്ക് പരിശോധിച്ചാൽ സെപ്തംബർ മാസത്തിൽ ഇത്രയേറെ മഴ ലഭിക്കാറുള്ളത് വിരളമാണെന്ന് കാലാവസ്ഥാ അധികൃതർ പറഞ്ഞു. മഹാപ്രളയം ഉണ്ടായ 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയ ശേഷം സെപ്തംബറിൽ ലഭിക്കേണ്ട മഴയിൽ പകുതി പോലും ലഭിച്ചിരുന്നില്ല.
മഴക്കണക്ക്
കൊടുങ്ങല്ലൂർ 7 സെന്റി മീറ്റർ
കുന്നംകുളം 2.8
വടക്കാഞ്ചേരി 3.6
ചാലക്കുടി 6.2
ഇരിങ്ങാലക്കുട 4.5
ഏനാമാക്കൽ 1.8
വെള്ളാനിക്കര1.7
ഇന്നും ഓറഞ്ച് അലർട്ട്
അതിശക്തമായ മഴയക്ക് സാദ്ധ്യത ഉള്ളതിനാൽ ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ജാഗ്രതാ നിർദ്ദേശം
വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാൽ റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, ഫിഷറീസ്, ജലസേചനം, വൈദ്യുതി വകുപ്പ് എന്നിവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
204.4 മില്ലി മീറ്റർവരെ മഴ
അതിശക്ത മഴ പ്രവചിച്ച സാഹചര്യത്തിൽ ജില്ലയിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ അടുത്ത ദിവസങ്ങളിൽ ലഭിക്കാൻ സാദ്ധ്യത ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |