ന്യൂഡൽഹി: കടുത്ത കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പാർലമെന്റിന്റെ ചരിത്രപരമായ മൺസൂൺ സമ്മേളനത്തിന് തുടക്കം. ചോദ്യോത്തരവേള റദ്ദാക്കിയതും, ലഡാക്കിലെ ചൈനീസ് അതിക്രമം ഉൾപ്പെടെയുള്ല വിഷയങ്ങളും ഉന്നയിച്ച് ലോക്സഭയിൽ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നു. നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി , നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ ബില്ലുകൾ സഭ പാസാക്കി.
ചോദ്യോത്തരവേളയും സ്വകാര്യബില്ലുകളും ഒഴിവാക്കാനുള്ള പ്രമേയം പാർലമെന്ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി ലോക്സസഭയിൽ അവതരിപ്പിച്ചതോടെ, എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. ചോദ്യോത്തരവേള സഭയിലെ സുവർണവേളയാണെന്ന് കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി പറഞ്ഞു. എന്നാൽ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽപ്പോലും നിയമസഭകളിൽ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ടെന്ന് പ്രഹ്ലാദ് ജോഷി ചൂണ്ടിക്കാട്ടി.എല്ലാവർക്കും ചോദ്യം ഉന്നയിക്കാൻ അവസരം ലഭിക്കുമെന്ന് സ്പീക്കർ അറിയിച്ചു.
ലഡാക്കിലെ ചൈനീസ് അതിക്രമവും, അതിർത്തിയിലെ സംഘർഷാവസ്ഥയും സഭ നിറുത്തിവച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും അനുവദിച്ചില്ല.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് 12 വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്ത വിഷയത്തിൽ ഡി.എം.കെയും,ഡൽഹി കലാപത്തിൽ പ്രധാനനേതാക്കളുടെ പേര് കുറ്റപത്രത്തിൽ പരാമർശിച്ചതിനെതിരെ സി.പി.എം അംഗം എ.എ ആരിഫും ആർ.എസ്.പി അംഗം എൻ.കെ പ്രേമചന്ദ്രനും നോട്ടീസ് നൽകിയ അടിയന്തര പ്രമേയത്തിനും അനുമതി ലഭിച്ചില്ല.കൊവിഡ് കാലത്തെ നീറ്റ് പരീക്ഷയ്ക്കെതിരെ ഡി.എം.കെ എം.പിമാർ പാർലമെൻറിന് മുന്നിൽ രാവിലെ പ്രതിഷേധിച്ചിരുന്നു. ഓർഡിനൻസായി ഇറക്കിയ സഹകരണബാങ്കുകളുമായി ബന്ധപ്പെട്ട ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബിൽ പിൻവലിച്ചു. പുതിയ ബിൽ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതരാമാൻ വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തിൽ എം.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാനുള്ള ബിൽ ,അവശ്യസാധന ഭേദഗതി ബിൽ തുടങ്ങിയവ അവതരിപ്പിച്ചു. ആദ്യ ദിവസം 359 എം.പിമാരാണ് ലോക്സഭയിലെത്തിയത്.
അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി, പണ്ഡിറ്റ് ജസ് രാജ്, മുൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി അജിത് ജോഗി, മദ്ധ്യപ്രദേശ് ഗവർണർ ലാൽജി ടൺഠൻ, മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് തുടങ്ങിയവരെ അനുസ്മരിച്ച് ഒരു മണിക്കൂർ നേരത്തൈ ലോക്‌സഭ പിരിഞ്ഞു.
30 എം.പിമാർക്ക് കൊവിഡ്
പാർലമെന്റിന്റെ മൺസൂൺകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ ലോക്‌സഭയിലെ 17 എം,പിമാർക്കും രാജ്യസഭയിൽ 13എം.പിമാർക്കും രണ്ട് കേന്ദ്രമന്ത്രിമാർക്കും കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. ഇതിൽ 12പേർ ബി.ജെ.പി എം.പിമാരാണ്. ഇവർക്ക് പുറമേ പാർലമെന്റിലെ അറുപതോളം ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം രാജസ്ഥാനിൽ നിന്നുള്ള ആർ.എൽ.പി എം.പി ഹനുമാൻ ബേനിവാളിന് പാർലമെന്റിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ജയ്‌പൂരിൽ വീണ്ടും പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായെന്നും ഏത് ഫലമാണ് പരിഗണിക്കേണ്ടതെന്നും ചോദിച്ചു കൊണ്ട് പരിശോധനയുടെ റിസൾട്ട് സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു.
സൈന്യത്തിന് പിന്തുണ
പ്രധാനമന്ത്രി ഈ പാർലമെന്റ് സമ്മേളനത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുക്കുമെന്നും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അതിർത്തിയിൽ ബുദ്ധിമുട്ടുന്ന സൈനികർക്ക് പിന്തുണയേകുന്ന ശക്തമായ സന്ദേശം പാർലമെന്റ് നൽകും. 'ഒരു വശത്ത് കൊവിഡ് മഹാമാരി നിലനിൽക്കെ കടമകൾ നിറവേറ്റാൻ എം.പിമാർ കാണിക്കുന്ന പ്രതിബദ്ധത അഭിനന്ദനാർഹമാണ്. കൊവിഡ് മൂലം ബഡ്ജറ്റ് സമ്മേളനം നേരത്തെ പിരിയേണ്ടി വന്നു. ഇരുസഭകളും ഷിഫ്റ്റ് രൂപത്തിലാണ് പ്രവർത്തിക്കുന്നത്. വാരാന്ത്യ അവധിയുമില്ല. ചുമതലകൾ നിറവേറ്റാനായി എല്ലാം അംഗങ്ങളും ഈ നടപടികളോട് സഹകരിക്കുന്നു."- മോദി പറഞ്ഞു.
ലോക്ക്ഡൗൺ പലായനം
മരിച്ചവരുടെ കണക്കില്ലെന്ന് കേന്ദ്രം കൊവിഡിനെ തുടർന്നുള്ള രാജ്യവ്യാപക സമ്പൂർണ ലോക്ക്ഡൗണിനിടെ സ്വന്തം നാട്ടിലേക്കുള്ള മടക്കത്തിനിടെ മരിച്ച കുടിയേറ്റ ത്തൊഴിലാളികളുടെ കണക്ക് അറിയില്ലെന്ന് കേന്ദ്രസർക്കാർ. അടൂർ പ്രകാശ് അടക്കമുള്ള എം.പിമാരുടെ ചോദ്യത്തിന് മറുപടിയായി തൊഴിൽവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ ലോക്സഭയെ രേഖാമൂലം അറിയിച്ചതാണിക്കാര്യം. മരിച്ചവരുടെ കണക്കില്ലാത്തതിനാൽ നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം പ്രസക്തമല്ലെന്നും ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കും കൈവശമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. മാർച്ച് 25 മുതൽ ആരംഭിച്ച് 68 ദിവസം നീണ്ട ലോക്ക്ഡൗണിനിടെ നഗരങ്ങളിൽ കുടുങ്ങിയ തൊഴിലാളികളിൽ പലരും കാൽനടയായും കിട്ടിയ വാഹനങ്ങളിലും നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനിടെ റോഡ് അപകടങ്ങളിലും ട്രെയിനിലുമായി നിരവധിപ്പേർ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |