വാടാനപ്പിള്ളി: കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ച വകയിൽ ഡി.സി തുക 53 ദിവസം കഴിഞ്ഞിട്ടും കിട്ടാത്തതിനെ തുടർന്ന് വിൽപ്പനക്കാരൻ നിയമ നടപടിക്കൊരുങ്ങുന്നു. ഗണേശമംഗലം പണിക്കെട്ടി ശങ്കരനാരായണനാണ് ഡി.സി തുക കിട്ടാതെ ബുദ്ധിമുട്ടുന്നത്. ഈ വർഷം ജൂലായ് 24ന് നടന്ന നിർമ്മൽ ലോട്ടറിയിലാണ് ശങ്കരനാരായണൻ വിറ്റ ടിക്കറ്റിന് 70 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ചത്.
എം.എൽ.എ വളവിനടുത്താണ് വിൽപ്പന നടത്തുന്നത്. ഗണേശമംഗലത്തെ ശ്രീഗണേശ് ലോട്ടറി ലക്കി സെന്റെറിൽ നിന്നാണ് ഇയാൾ വിൽപ്പനയ്ക്കായി ലോട്ടറി വാങ്ങിയത് .ചാവക്കാട് ലോട്ടറി ഓഫീസിൽ നിന്ന് കണ്ടശാംകടവിലെ മൊത്ത കച്ചവടക്കാരാണ് ലോട്ടറി വാങ്ങി ശ്രീഗണേശിന് നൽകിയത്. പല തവണ ശങ്കരനാരായണൻ കടയുമായി ബന്ധപ്പെട്ടെങ്കിലും ഡി.സി തുക ലഭ്യമായില്ല. ലോട്ടറി ഓഫീസുമായും ബന്ധപ്പെട്ടെങ്കിലും നിശ്ചിത സമയം കഴിഞ്ഞിട്ടും തുക കിട്ടിയില്ല. ലോട്ടറി ഓഫീസിലെ ഉദ്യാഗസ്ഥരുടെ അനാസ്ഥയാണ് തുക കിട്ടാൻ വൈകുന്നതെന്നാണ് ആക്ഷേപം. ഡി.സി തുക കിട്ടാൻ കോടതിയെ സമീപിക്കാനാണ് ശങ്കരനാരായണന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |