നെന്മാറ: വരുനാളുകളിൽ സമൃദ്ധിയുടെ പ്രതീക്ഷയുമായി രണ്ടാംവിള പച്ചക്കറി കൃഷിക്ക് തുടക്കംകുറിക്കുകയാണ് കർഷകർ. ജില്ലയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന നെന്മാറ, വിത്തനശ്ശേരി, അയിലൂർ മേഖലകളിൽ മാത്രം ഓണത്തിന് ശേഷമുള്ള രണ്ടാംവിളയ്ക്കായി 100 ഏക്കറിലാണ് കൃഷിയിറക്കിയിട്ടുള്ളത്.
പയർ, പടവലം, പാവൽ, വെണ്ട, മുളക്, വഴുതിന, കുമ്പളം, പീച്ചിങ്ങ എന്നിവയാണ് പ്രധാനമായും കൃഷിചെയ്യുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നാടൻ പച്ചക്കറികൾക്ക് ഡിമാന്റ് കൂടിയതാണ് കർഷകരെ കൂടുതൽ പ്രദേശങ്ങളിൽ കൃഷിയിറക്കാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ഇടയ്ക്ക് പെയ്ത ശക്തമായ മഴ ചെറിയ തോതിൽ കൃഷിയെ ബാധിച്ചിരുന്നെങ്കിലും വലിയ നഷ്ടമില്ലാതെ പിടിച്ചുനിൽക്കാൻ സാധിച്ചുവെന്ന് കർഷകർ പറയുന്നു. ഈ സീസണിൽ മഴ അനുകൂലമായാൽ വലിയ ലാഭമാണ് കർഷകർ ലക്ഷ്യംവയ്ക്കുന്നത്.
അയൽ ജില്ലയിൽ ആവശ്യക്കാരേറെ
ജൈവ രീതിയിൽ കൃഷിചെയ്യുന്നതിനാൽ ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് അയൽ ജില്ലകളിലും വലിയ ഡിമാന്റാണ്. തൃശൂർ മാർക്കറ്റാണ് പ്രധാന വിപണിയെങ്കിലും എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ഭാഗങ്ങളിലേക്കും പ്രതിദിനം ടൺ കണക്കിന് പച്ചക്കറികളാണ് കയറ്റി അയക്കുന്നത്.
ചെലവ് കുറയുമെന്ന്
വിത്തനശ്ശേരി, മുല്ലക്കൽ, എലന്തകൊളുമ്പ്, കണ്ണോട് ഭാഗങ്ങളിലും അയിലൂർ കൃഷിഭവനു കീഴിയിലെ തിരുവഴിയാട്, കരിമ്പാറ, അയിലൂർ, പാലമൊക്ക് ഭാഗങ്ങളിലുമാണ് കൃഷി തുടങ്ങിയിട്ടുള്ളത്. കഴിഞ്ഞ തവണ നിർമ്മിച്ച പന്തലിൽ തന്നെ വളർത്തി എടുക്കാം എന്നതിനാൽ ഇത്തവണ ചെലവ് കുറയുമെന്നാണ് കർഷകർ പറയുന്നത്. കാലാവസ്ഥ കൂടി അനുകൂലമായാൽ രണ്ടുമാസത്തിനുള്ളിൽ തന്നെ വിളവെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |