തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ മക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതിൽ മാദ്ധ്യമങ്ങൾക്കെതിരെ ഭീഷണിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇ.പി ജയരാജന്റെ മകനും സ്വപ്‌ന സുരേഷും തമ്മിലുളള ഫോട്ടോ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വന്ന വാർത്ത പാർട്ടി ചർച്ച ചെയ്‌തോയെന്ന് കഴിഞ്ഞ ദിവസത്തെ വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ മുന്നറിയിപ്പ്.
'ഞങ്ങൾക്കെതിരെ എന്ത് മോർഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങൾക്കെല്ലാം വന്നാൽ താങ്ങൂല എന്ന് മനസിലാക്കിക്കോ' എന്നായിരുന്നു കോടിയേരിയുടെ ഭീഷണി കലർന്ന സ്വരം. വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾ അവസാനിപ്പിച്ച് എഴുന്നേൽക്കാൻ നേരമാണ് മാദ്ധ്യമപ്രവർത്തകർ ജയരാജന്റെ മകന്റെ കാര്യം കോടിയേരിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്നലെ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്‌തോ എന്നായിരുന്നു ചോദ്യം. ഈ ചോദ്യമാണ് കോടിയേരിയെ ചൊടിപ്പിച്ചത്. പിന്നെ ഭീഷണി കലർത്തിയായിരുന്നു കോടിയേരിയുടെ സംഭാഷണം.
''നിങ്ങൾ ഇങ്ങനെ ഓരോ കഥകളുണ്ടാക്കി ഫോട്ടോകളുണ്ടാക്കി മോർഫിംഗ് നടത്തി പ്രചരിപ്പിക്കുകയാണ്. നിങ്ങൾ തന്നെ ഫോട്ടോയുമുണ്ടാക്കും, നിങ്ങൾ തന്നെ ചോദ്യവും ചോദിക്കും. മുഖ്യമന്ത്രിയുടെ അടുത്ത് സ്വപ്‌ന ഇങ്ങനെ നിൽക്കുന്ന മോർഫിംഗ് നിങ്ങൾ ഉണ്ടാക്കിയില്ലേ? ഇതിൽ ഏത് മോർഫിംഗാണ് ഇപ്പോൾ വിശ്വസിക്കാൻ പറ്റുക? മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സ്വപ്‌ന പങ്കെടുക്കുന്ന മോർഫിംഗ് ചിത്രം കണ്ടില്ലേ? ഇങ്ങനെ എന്തെല്ലാം മോർഫിംഗ് ചിത്രങ്ങളുണ്ടാക്കി നിങ്ങൾ ഇവിടെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇതൊക്കെ ആളുകൾ വിശ്വസിക്കുമെന്നാണോ ? ആർക്കെതിരെയാണ് ഇത്തരം മോർഫിംഗ് ചിത്രങ്ങൾ ഇങ്ങനെ ഉണ്ടാക്കി കൂടാത്തത്? ഇത് തീക്കൊളളി കൊണ്ടുളള കളിയാണ്. നിങ്ങളെപ്പോലെയുളള ആൾക്കാരെ വച്ച് ചാനലുകാർ പല കളിയും കളിപ്പിക്കും. എല്ലാവരും സ്വന്തം കാര്യമൊന്ന് ആലോചിച്ചിട്ട് ചെയ്യുന്നതായിരിക്കും നല്ലത്. എല്ലാവരും മനുഷ്യരല്ലേ? ഇത്തരം ചിത്രങ്ങൾ കൊടുക്കേണ്ടതാണോയെന്ന് നിങ്ങൾ കാര്യമായി ആലോചിക്കണം. നിങ്ങൾ ആർക്കെങ്കിലും എതിരായി ഇങ്ങനെയൊരു ഫോട്ടോ പ്രചരിപ്പിച്ചാൽ എന്തായിരിക്കും സ്ഥിതി? നിങ്ങൾക്ക് താങ്ങാൻ പറ്റില്ല. ഞങ്ങളൊക്കെ താങ്ങും. ഞങ്ങൾക്കെതിരായി എന്ത് മോർഫിംഗ് ചിത്രങ്ങൾ പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങൾക്കെല്ലാം വന്നാ നിങ്ങൾ താങ്ങൂല്ലാന്ന് നിങ്ങൾ മനസിലാക്കിക്കോ. കൂടുതലൊന്നും ഞാൻ പറയുന്നില്ല. എൽ.ഡി.എഫിന്റെ മീറ്റിംഗ് ഉളളതുകൊണ്ട് നമുക്ക് അവസാനിപ്പിക്കാം.'' എന്നായിരുന്നു കോടിയേരി ചോദ്യത്തിന് ഉത്തരം നൽകിയത്.
ഇത്രയും പറഞ്ഞു നിർത്തിയ കോടിയേരി പിന്നീടുളള ചോദ്യങ്ങൾക്ക് കാത്തു നിൽക്കാതെ വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |