തൃശൂർ: കഴിഞ്ഞ ആഴ്ചയിൽ മഴ ശക്തമായതോടെ മുങ്ങിനശിക്കുന്നത് മുണ്ടകൻ പാടങ്ങളിലെ ഞാറ്റടികൾ. കാലവർഷം എല്ലാ കണക്കും തെറ്റിക്കുമ്പോൾ കൃഷിനശിച്ച് നട്ടം തിരിയുന്നത് നെൽക്കർഷകരാണ്. കാലവർഷ മഴയുടെ അളവിൽ നേരിയ കുറവ് മാത്രമാണുള്ളത്.
ശരാശരിയേക്കാൾ കൂടുതൽ മഴ ഏഴ് ദിവസത്തിനുള്ളിൽ ലഭിച്ചു. അടുത്ത ആഴ്ചയോടെ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദ്ദവും മഴ കൂട്ടുമെന്നാണ് നിഗമനം. മഴയൊഴിയാത്തതും പാടങ്ങളിൽ നിന്ന് വെള്ളമിറങ്ങാത്തതും നടീൽ വൈകാനിടയാക്കുന്നു.
രണ്ടാഴ്ച മുമ്പ് നട്ട ഞാറുകളാണ് വെള്ളത്തിലായത്. കൃഷിഭവനുകളിൽ നിന്ന് ലഭിച്ച വിത്താണ് ചിലയിടങ്ങളിൽ ഓണത്തിന് മുമ്പ് ഞാറ്റടികൾ തയ്യാറാക്കി വിത തുടങ്ങിയത്. നടീലിന് പാടമൊരുക്കിയ സമയത്താണ് മഴ വീണ്ടും തുടങ്ങിയത്. തോടുകളുടെ ഭിത്തി തകർന്ന് പാടങ്ങളിലേക്ക് വെള്ളം കയറി. പുതിയ വിത്ത് വാങ്ങി വീണ്ടും വിതച്ചാണ് കർഷകർ കൃഷി തുടരുന്നത്. രണ്ടാമത് വിത്ത് വാങ്ങുമ്പോൾ സബ്‌സിഡി ഉൾപ്പെടെയുള്ള ആനുകൂല്യം ലഭിക്കില്ല. പാടങ്ങളിൽ വളമിട്ടതും നഷ്ടപ്പെട്ടിട്ടുണ്ട്. വിത കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുള്ളിൽ ഞാറ് പറിച്ച് നട്ടില്ലെങ്കിൽ വിളവ് കുറയുമെന്നതാണ് കർഷകരെ അലട്ടുന്നത്. വെള്ളം നിറഞ്ഞ പാടങ്ങളിൽ നിന്ന് വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വടക്കാഞ്ചേരി, കേച്ചേരി, കുന്നംകുളം ഭാഗങ്ങളിലെല്ലാം വ്യാപകമായി മുണ്ടകൻ കൃഷി ഇറക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമായാൽ നെൽക്കൃഷി ലാഭകരമാണെന്നാണ് കർഷകർ പറയുന്നത്. അതേസമയം, അന്യസംസ്ഥാന തൊഴിലാളികളെ കിട്ടാത്തതും ചിലയിടങ്ങളിൽ പ്രതിസന്ധിയുണ്ടാക്കുന്നു.
പാടങ്ങളിൽ പരിമിതികളേറെ
തോടുകൾ ബലമില്ലാത്തതും വെള്ളം സംഭരിക്കാൻ ശേഷിയില്ലാത്തതുമായതിനാൽ മഴ മാറുമ്പോൾ വരൾച്ചയുണ്ടാകും.
മൂന്നുമാസത്തോളം വെള്ളം കരുതിവെയ്ക്കാൻ ശേഷിയുള്ള തോടുകളും കിണറുകളും കുളങ്ങളും ഇല്ലാതായി.
കാലാവസ്ഥാ വ്യതിയാനത്തിൽ നടീൽ അടക്കം വൈകുന്നതോടെ ജനുവരിയിൽ കൊയ്‌തെടുക്കാൻ കഴിയാതെ വരും.
തുലാവർഷത്തിലും വേണ്ടത്ര മഴ കിട്ടാതാവുകയോ കനത്ത മഴയുണ്ടാവുകയോ ചെയ്താൽ നെല്ല് ഉത്പാദനം കുറയും
"ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മൂലം ശക്തമായ മഴ സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. ന്യൂനമർദ്ദത്തിന് മുന്നോടിയായാണ് ഇന്നലെ പെയ്തത്. ഇന്നും നാളെയും കൂടുതൽ ശക്തമാകാനാണ് സാദ്ധ്യത.
ഡോ.സി.എസ് ഗോപകുമാർ, കാലാവസ്ഥാ ഗവേഷകൻ
കാലവർഷത്തിന്റെ ദൈർഘ്യം: സെപ്തംബർ 30 വരെ
ജില്ലയിൽ കിട്ടിയ മഴ: 1864 മി.മീ.
കിട്ടേണ്ടത്: 2164 മി.മീ
ഇന്നലെ കൂടുതൽ പെയ്തത് : 42 മി.മീ (ഇരിങ്ങാലക്കുട).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |