ആലപ്പുഴ:സംസ്ഥാന സർക്കാർ 100ദിന കർമ്മ പദ്ധതികളുടെ ഭാഗമായി പ്രഖ്യാപിച്ച 2447 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് ഗുണകരമാവുമെന്ന് ഭൂരിപക്ഷം കർഷകർ അഭിപ്രായപ്പെടുമ്പോൾ, മുൻപദ്ധതികളും ആദ്യപാക്കേജും പാതിവഴിയിൽ നിലച്ചത് ചൂണ്ടിക്കാട്ടി ആശങ്ക പങ്കുവയ്ക്കുന്നു മറ്റുചിലർ.
വിഭാവനം ചെയ്യുന്ന കാര്യങ്ങൾ യാഥാർത്ഥ്യമായാൽ നെൽകൃഷി മേഖല പുരോഗതി നേടുമെന്നാണ് കർഷകരുടെ വിശ്വാസം. കുട്ടനാടിനെ പാരിസ്ഥിതിക ആഘാതം താങ്ങാൻ ശേഷിയുള്ള അവസ്ഥയിലേക്ക് എത്തിക്കുമെന്നും പാക്കേജിൽ പറയുന്നുണ്ട്.ഭാവിയിൽ പ്രളയദുരന്തം പോലുള്ള അത്യാഹിതങ്ങൾ ഒഴിവാക്കി ജനങ്ങൾക്ക് കൂടുതൽ സുരക്ഷ നൽകാൻ കഴിയുമെന്നതാണ് മറ്റൊരു മേന്മയായി ചൂണ്ടിക്കാട്ടുന്നത്. കുട്ടനാട് ബ്രാൻഡ് അരി ഉത്പാദനത്തിന് സംയോജിത റൈസ് പാർക്ക് സ്ഥാപിക്കാനുള്ള നടപടികൾ സെപ്റ്റംബർ 30 നുള്ളിൽ തയ്യാറാക്കി സമർപ്പിക്കാനാണ് വ്യവസായ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുള്ളത്. നെൽകർഷകർക്ക് ഏറെ ആശ്വാസം നൽകുന്ന നടപടിയാവും ഇത്. കൊയ്ത്ത് സീസൺ തുടങ്ങിയാൽ സിവിൽ സപ്ളൈസ് കോർപ്പറേഷൻ ഫലപ്രദമായി നെല്ല് സംഭരണം നടത്താറുണ്ടെങ്കിലും നെല്ലിന്റെ ഗുണനിലവാരത്തിന്റെ പേരിൽ തൂക്കം കുറയ്ക്കുന്ന സമീപനം മില്ലുടമകൾ കാട്ടാറുണ്ട്. ഇത്തരം ചൂഷണത്തിൽ നിന്ന് കർഷകർക്ക് ആശ്വാസം കിട്ടാൻ റൈസ് പാർക്ക് സഹായകമായേക്കും.
പാക്കേജ് ചരിത്ര സംഭവം
മുഖ്യമന്ത്രി പ്രഖ്യാപിച്ച കുട്ടനാട് പാക്കേജ് ചരിത്രസംഭവമാണ്.കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഒന്നാം കുട്ടനാട് പാക്കേജ് തീർത്തും പരാജയമായിരുന്നു.കുട്ടനാടിനെ ഇപ്പോൾ പ്രത്യേകനെൽകൃഷി മേഖലയായി പ്രഖ്യാപിച്ചത് വലിയ ഗുണം ചെയ്യും.തോട്ടപ്പള്ളി സ്പിൽവേയുടെ വീതിയും ആഴവും കൂട്ടാനുള്ള നടപടി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് സ്ഥായിയായി കുട്ടനാടിനെ കരകയറ്റും. കുട്ടനാട്ടുകാർ ഏറ്റവും ദുരിതമനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാണ് 291 കോടിയുടെ ട്രീറ്റ്മെന്റ് പ്ളാന്റ്.
എം.സത്യപാൽ(ജില്ലാ സെക്രട്ടറി, കെ.എസ്.കെ.ടി.യു)
മനസിൽ ഉപതിരഞ്ഞെടുപ്പ്
ഇങ്ങനെയൊരു പാക്കേജ് പ്രഖ്യാപിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത് ഉപതിരഞ്ഞെടുപ്പാണെന്ന് വേണം കരുതാൻ.2018-ലെ പ്രളയത്തിന് ശേഷം മുഖ്യമന്ത്രിയും ജില്ലയിൽ നിന്നുള്ള മറ്റു മന്ത്രിമാരും കുട്ടനാടിന് വേണ്ടി എന്തെല്ലാം പദ്ധതികൾ പ്രഖ്യാപിച്ചു. ബഡ്ജറ്റിൽ എന്തെല്ലാം കാര്യങ്ങൾ പറഞ്ഞു. വല്ലതും നടന്നോ.പഴയ പദ്ധതികൾക്ക് പുതിയ പേരു നൽകി അവതരിപ്പിച്ചിരിക്കുന്നു എന്നു മാത്രം.പുളിങ്കുന്ന് താലൂക്ക് ആശുപത്രി 150 കോടി ചെലവഴിച്ച് ലോകനിലവാരത്തിൽ പുനർനിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. ഇപ്പോൾ അതേക്കുറിച്ച് മിണ്ടുന്നേയില്ല. പ്രളയം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഒരു പാടശേഖരത്തിന്റെയെങ്കിലും പുറംബണ്ട് നിർമ്മിച്ചോ.?
ജേക്കബ് എബ്രഹാം(കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ്)
പാക്കേജ് നടപ്പാക്കൽ ഒരു കുടക്കീഴിൽവരണം
ഏത് സർക്കാരായാലും മുന്നണിയായാലും വോട്ടിന് വേണ്ടി പാക്കേജുകൾ പ്രഖ്യാപിക്കുന്നതിൽ അർത്ഥമില്ല. ഏഴോ എട്ടോ വകുപ്പുകൾ ചേർന്ന് പ്രാവർത്തികമാക്കേണ്ടതാണ് കുട്ടനാട് പാക്കേജ്. അടിസ്ഥാനപരമായി ഈ വകുപ്പുകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരണം. അതിന്റെ മേൽനോട്ട ചുമതല ഒരു റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനെ ഏൽപ്പിക്കണം. പാക്കേജ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും ഒരു കെട്ടിടത്തിൽ തന്നെ വരികയും വേണം. ഇന്ത്യയിൽ വിജയിച്ച എല്ലാ പാക്കേജുകളും ഇത്തരത്തിലാണ് നടപ്പാക്കിയിട്ടുള്ളത്.
ലാൽവർഗ്ഗീസ് കൽപ്പകവാടി(സംസ്ഥാന പ്രസിഡന്റ് ,കർഷക കോൺഗ്രസ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |