കീടബാധ വർദ്ധിച്ചു, ഉപജീവനം തേടുന്നവർക്ക് വെല്ലുവിളി
കൊല്ലം: മണ്ണിൽ പണിയെടുത്ത് ജീവിത പ്രതിസന്ധികളെ മറികടക്കാൻ ശ്രമിക്കുന്ന കർഷകരെ വലച്ച് കൃഷിയിടങ്ങളിലെ കീടങ്ങൾ. ഏത്തവാഴ, മരച്ചീനി, ചേന, ഇഞ്ചി, മുളക്, പയർ, പാവൽ തുടങ്ങി നാട്ടിടങ്ങളിലെ കർഷകർ കൃഷി ചെയ്യുന്ന വിളകളിലെല്ലാം കീടബാധ ഏറുകയാണ്.
കീടങ്ങളെ ഇല്ലാതാക്കാൻ കൃഷി വകുപ്പ് നിർദേശിക്കുന്ന ജൈവ കീടനാശിനികൾ പല തവണ പ്രയോഗിച്ചിട്ടും കീടങ്ങൾ ഒഴിയുന്നില്ല. ഇതോടെ വിളവിൽ കുറവും സാമ്പത്തിക പ്രതിസന്ധിയും പതിവാവുകയാണ്. കൃഷി ജീവനോപാധിയാക്കിയ കർഷകരിൽ ചിലരെങ്കിലും രാസ കീടനാശിനികൾ പ്രയോഗിക്കുന്നുണ്ട്. രാസ കീടനാശിനി ഒരു തവണ പ്രയോഗിച്ച് ഏറെ വൈകും മുമ്പ് തന്നെ വീണ്ടും കീടശല്യം കണ്ടു തുടങ്ങും. കൊട്ടാരക്കര സദാനന്ദപുരം കാർഷിക വിജ്ഞാന കേന്ദ്രത്തിൽ കാർഷിക വിളകളിലെ കീടങ്ങളെ കുറിച്ച് പഠനം നടത്താൻ പ്രത്യേക വിഭാഗമുണ്ട്. ജില്ലയിൽ തന്നെ ഇത്തരം സംവിധാനങ്ങളുണ്ടെങ്കിലും കർഷകരുടെ പ്രശ്‌നങ്ങൾക്ക് സ്ഥായിയായ പരിഹാരം ഉണ്ടാകുന്നില്ല.
മരച്ചീനിയിലെ കുമിൾ രോഗം
ഫ്യൂസേറിയം കുമിൾ രോഗം ജില്ലയിലെ നൂറ് ഹെക്ടറിലേറെ വരുന്ന മരച്ചീനി കൃഷിയിടത്തിൽ മുൻപ് പടർന്നിരുന്നു. കഴിഞ്ഞ ഡിസംബറിൽ അഞ്ചലിലാണ് ജില്ലയിൽ ആദ്യമായി മരച്ചീനിക്ക് കുമിൾ രോഗം കണ്ടെത്തിയത്. മരച്ചീനി കമ്പ് നട്ട് വേര് പിടിക്കുന്നതിന് മുമ്പ് തന്നെ രോഗം ബാധിക്കുന്നുണ്ട്. ഇത്തരം സമയങ്ങളിൽ മണ്ണിനോട് ചേർന്ന ചുവട് ഭാഗം പൂർണമായി അഴുകി മാറുകയാണ്. രണ്ട് മാസം വളർച്ചയെത്തിയ മരച്ചീനിയിൽ രോഗം പിടിപെടുമ്പോൾ ആദ്യം ഇലകൾക്ക് മഞ്ഞ നിറമാകും. ഇലകൾ ഒടിഞ്ഞ് തൂങ്ങുന്നതിനൊപ്പം ചുവട് ഭാഗം അഴുകുകയും ചെയ്യും. വിളവെടുപ്പിന് സമയമാകുമ്പോൾ രോഗം ബാധിക്കുന്നതാണ് കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്നത്. ആറ് മാസമായ മരച്ചീനികളുടെ കിഴങ്ങ് പൂർണമായും അഴുകി ചീഞ്ഞ് പോവും.
ഇഞ്ചിയുടെ മൂടും തണ്ടും അഴുകുന്നു
ഇഞ്ചിയുടെ തണ്ട് പഴുത്ത് ചീഞ്ഞ് പോകുന്നതിനൊപ്പം ഇഞ്ചിയും അഴുകുന്നു. കൃഷിയിടത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്ത് രോഗം ബാധിച്ചാൽ മറ്റിടങ്ങളിലേക്കും സമാന ലക്ഷണങ്ങൾ പടരും.
വാഴയെ മറിച്ച് ചെല്ലിയും പോളരോഗവും
ഏത്തവാഴ കർഷകരെ വലയ്ക്കുന്നതിൽ പ്രധാനി ചെല്ലിയാണ്. പാളയിൽ ചുവന്ന വര പോലെ പ്രത്യക്ഷപ്പെടുന്ന പോള രോഗവും ചില്ലറക്കാരനല്ല. വാഴയുടെ നാമ്പ് മുകളിലേക്ക് വരാൻ പോളരോഗം അനുവദിക്കുന്നില്ല. കുലച്ചാലും വിൽപ്പന നടത്താൻ കഴിയില്ല. പൂവൻ വാഴകളുടെ നാമ്പ് മുകളിലേക്ക് വരാതെ മണ്ട അഴുകുന്ന രോഗവും കണ്ടുവരുന്നു.
പയർ വിളകളിൽ കായീച്ചയും കീടങ്ങളും
പയർ, പാവൽ, ചുരയ്ക്ക മത്തൻ തുടങ്ങിയവയിലെല്ലാം കീടങ്ങളുടെ ശല്യം കൂടുതലാണ്. കായ് ഫലത്തിൽ പറ്റിക്കൂടുന്ന തരം ഈച്ചകളും വിള നശിപ്പിക്കുന്നു. വിൽപ്പനയ്ക്കായി വളർത്തുന്ന കർഷകർ ബുദ്ധിമുട്ടിലാവുകയാണ്.
ചേനത്തണ്ട് അഴുകി മുറിയുന്നു
ചേനയുടെ തണ്ട് അഴുകി മുറിഞ്ഞ് പോകുന്നതിനെ കുറിച്ച് അടുത്തിടെ കർഷകർ വ്യാപകമായി പരാതി പറയുന്നുണ്ട്. ഇത് വിളവിനെയും കാര്യമായി ബാധിക്കുന്നുണ്ട്.
''
പൂക്കും മുമ്പേ മുളക് ചെടികൾ കുരുടുന്നത് വൻ തോതിൽ കൃഷി നടത്തുന്നവർക്ക് വെല്ലുവിളിയാണ്. രാസപ്രയോഗത്തെയും മറികടക്കുന്ന കീടങ്ങളാണ് കാരണക്കാർ.
കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |