ന്യൂഡൽഹി :അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പാകിസ്ഥാൻ ലക്ഷ്യം വയ്ക്കുന്നതായി കേന്ദ്രസർക്കാർ പാർലമെന്റിൽ. കഴിഞ്ഞ 12 വർഷത്തിനിടെ അഫ്ഗാനിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് നേരെ പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ, മുമ്പ് അഫ്ഗാനിസ്ഥാനിൽ ജോലി ചെയ്തിരുന്ന നാല് ഇന്ത്യൻ പൗരന്മാരെ യു.എൻ സെക്യൂരിറ്റി കൗൺസിൽ റെസല്യൂഷൻ 1267 പ്രകാരം തീവ്രവാദികളായി പ്രഖ്യാപിക്കാൻ ശ്രമം നടത്തിയിരുന്നതായും എന്നാൽ സെക്യൂരിറ്റി കൗൺസിൽ ഇത് തള്ളിയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്സഭയിൽ അറിയിച്ചു
' പിടിച്ചുവച്ചിരുന്ന നിരവധി ഇന്ത്യക്കാരെ, അഫ്ഗാൻ സർക്കാരിന്റെ സഹായത്തോടെ മോചിപ്പിക്കാൻ കഴിഞ്ഞു. ഇന്ത്യൻ എംബസിയ്ക്ക് നേരെയും അതിന്റെ കോൺസുലേറ്റുകൾക്ക് നേരെയും ആക്രമണങ്ങൾ നടന്നിരുന്നു. 2018 മേയിൽ അഫ്ഗാനിൽ വച്ച് തട്ടിക്കൊണ്ടുപോയ ഏഴ് എൻജിനിയർമാരിൽ അവസാനത്തെയാളെയും അടുത്തിടെ മോചിപ്പിച്ചിരുന്നു. ' മുരളീധരൻ പറഞ്ഞു. ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ ഉൾപ്പെടെ പാകിസ്ഥാൻ ഉത്ഭവ കേന്ദ്രമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്കെതിരെ ഇന്ത്യൻ സർക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായി അന്താരാഷ്ട്ര സമൂഹവും ആശങ്ക പ്രകടിപ്പിക്കുന്നു.
2019 പുൽവാമ ആക്രമണത്തെ ലോകരാജ്യങ്ങൾ ശക്തമായി അപലപിച്ചിരുന്നു. യാതൊരു കാരണവശാലും ഭീകരപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകരുതെന്ന് ലോകരാജ്യങ്ങൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിൽ അഭയം പ്രാപിച്ച് ഇന്ത്യയ്ക്കെതിരെ തീവ്രവാദം അഴിച്ചുവിടുന്ന നിരവധി ഭീകര സംഘടനകളെയും വ്യക്തികളെയും ഐക്യരാഷട്ര സംഘടനയും യൂറോപ്യൻ യൂണിയനും മറ്റു രാജ്യങ്ങളും ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രവാദികൾക്ക് സഹായം നൽകുന്നതിനെതിരെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സും പാകിസ്ഥാനെതിരെ രംഗത്തെത്തിയിരുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |