നെടുമങ്ങാട്: അഞ്ചു വർഷം നടപ്പിലാക്കിയ കോടികളുടെ വികസന പദ്ധതികൾ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കി പുതുചരിത്രം രചിക്കുകയാണ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. പഞ്ചായത്ത് രാജ് സംവിധാനത്തിൽ ജില്ലാ, ഗ്രാമ പഞ്ചായത്തുകൾക്ക് മദ്ധ്യേ ബ്ലോക്ക് സംവിധാനത്തിന്റെ പ്രസക്തി ചോദ്യം ചെയ്തവർക്കുള്ള മറുപടി കൂടിയാണ് നെടുമങ്ങാട് ബ്ലോക്കിന്റെ സോഷ്യൽ ഓഡിറ്റിംഗ് മാതൃക. രാജ്യത്ത് ഇതാദ്യമായി എല്ലാ പദ്ധതികളും സാമൂഹ്യ അവലോകനത്തിന് വിധേയമാക്കിയ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമെന്ന ഖ്യാതിയാണ് നെടുമങ്ങാട് ബ്ലോക്ക് കരസ്ഥമാക്കിയത്. ആസ്തിയും വരുമാനവും വർദ്ധിപ്പിക്കുക എന്ന തദ്ദേശ സ്ഥാപനങ്ങളുടെ പൊതുലക്ഷ്യം സാക്ഷാത്കരിച്ചാണ് ഈ അഭിമാന നേട്ടം. ഭരണസമിതി അംഗങ്ങൾക്ക് പ്രതിമാസം ഓണറേറിയം ഇനത്തിൽ 68.10 ലക്ഷം രൂപ ഇവിടെ ചെലവിടുന്നുണ്ട്. ഇതിന്റെ മൂന്നിരട്ടി വരുമാനം ഓരോ മാസവും ബ്ലോക്കിന് സംഭാവന ചെയ്തു കൊണ്ടാണ് നിലവിലെ ഭരണസമിതിയുടെ പടിയിറക്കം. വാടക കൊടുത്ത് പലയിടങ്ങളിലായി പ്രവർത്തിച്ചിരുന്ന ഘടക സ്ഥാപനങ്ങളെല്ലാം ബ്ലോക്കോഫീസ് മന്ദിരത്തിലേക്ക് മാറ്റി. 25 കുടുംബങ്ങൾക്ക് 365 ദിവസവും തൊഴിൽ നല്കുന്ന ജൈവഗ്രാമം നടപ്പിലാക്കി. 50 ലക്ഷം രൂപയാണ് ഇതുവഴി ആർജിച്ച ആസ്തി. വിവിധ കാലഘട്ടങ്ങളിൽ ലഭിച്ച അവാർഡ് തുകകൾ (ആകെ ലഭിച്ചത് - 1.32 കോടി രൂപ) സഹകരണ ബാങ്കിൽ സ്ഥിര നിക്ഷേപമാക്കി പ്രതിമാസ പലിശയും, ലഭിക്കുന്ന സി.എസ്.ആർ ഫണ്ടും ഉൾപ്പെടുത്തി നിരാലംബരായ അർബുദ രോഗികൾക്ക് മാസം തോറും ആയിരം രൂപ വീതം അക്കൗണ്ട് വഴി വിതരണം ചെയ്യാൻ 'അഭയം" പദ്ധതിക്ക് തുടക്കമിട്ടു. മെമ്പർമാരും ജീവനക്കാരും സ്വരൂപിച്ച 4.25 ലക്ഷം രൂപയായിരുന്നു അഭിമാനപദ്ധതിയായ ജൈവഗ്രാമത്തിന്റെ മൂലധനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |