സുൽത്താൻ ബത്തേരി: നികുതി വെട്ടിപ്പ് നടത്തി സാധനങ്ങൾ കടത്തികൊണ്ടുവന്നതിന് അതിർത്തിയിലെ വിൽപ്പന നികുതി ചെക്ക് പോസ്റ്റിൽ പിടിച്ചിട്ട വാഹനങ്ങൾ ചെക്ക് പോസ്റ്റ് നിർത്തി പോയിട്ടും വഴിയരുകിൽ അനാഥമായി കിടക്കുന്നു. 2017 ജൂലായ് മാസത്തിൽ നിർത്തിയതാണ് മുത്തങ്ങയിലെ വിൽപ്പന നികുതി ചെക്ക് പോസ്റ്റ്. ഇതിന് മാസങ്ങൾക്ക് മുമ്പാണ് നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ലോറികൾ പിടിച്ചിട്ടത്. വിൽപ്പന നികുതി വകുപ്പ് ചുമത്തിയ പിഴ അടയ്ക്കാൻ തയ്യാറാകാതിരുന്നതിനാൽ ലോറി ദേശീയ പാതയിൽ റോഡരുകിൽ തന്നെ കിടക്കുകയാണ്
പിടികൂടിയ വാഹനത്തിലുണ്ടായിരുന്ന സാധനങ്ങൾ ലേലം ചെയ്ത് വിൽപ്പന നടത്തിയെങ്കിലും വാഹനം അവിടെ തന്നെ കിടന്നു. ചുമത്തിയ നികുതി കെട്ടാൻ വാഹന ഉടമ തയ്യാറായില്ല. സെയിൽസ് ടാക്സ് തൊണ്ടി മുതലായി പിടിച്ച വാഹനമായതിനാൽ ഇത് ഇവിടെ നിന്ന് നീക്കം ചെയ്യാൻ ദേശീയപാത നിരത്ത് വിഭാഗവും തയ്യാറായില്ല.
റോഡരുകിൽ കിടന്ന് കാട് മൂടിയ ലോറി ഇഴജന്തുക്കളുടെ താവളമായി മാറി. ഉഗ്രവിഷമുള്ള പാമ്പുകൾ ലോറിയിൽ കഴിയുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പാമ്പിനെ പേടിച്ച് ലോറികിടക്കുന്ന ഭാഗത്തുകൂടെ നടക്കാൻ പോലും ആളുകൾ തയ്യാറാകുന്നില്ല.
വർഷങ്ങളായി റോഡരുകിൽ കിടന്ന് മഴയും വെയിലും കൊണ്ട് ഒന്നിനും പറ്റാത്ത വിധം ലോറികൾ നശിച്ചുകഴിഞ്ഞു. റോഡരുകിൽ കിടക്കുന്ന ലോറി അവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |