ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ എം ഐ-17ഹെലികോപ്ടറുകളുടെ നവീകരണം പൂർത്തിയാവാത്തത് സേനയുടെ ഹെലികോപ്ടർ വിംഗിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചുവെന്ന് സി എ ജി റിപ്പോർട്ട്. പരിമിതമായ ശേഷിയോടെയാണ് ഈ ഹെലികോപ്റ്ററുകൾ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
സോവിയറ്റ് നിർമ്മിതമായ ഈ ഹെലികോപ്ടറുകൾക്ക് നവീകരണം ആവശ്യമുണ്ടെന്ന് 2002ലാണ് ആവശ്യമുയർന്നത്. എന്നാൽ 2017ൽ മാത്രമാണ് ഒരു ഇസ്രയേലി കമ്പനിയുമായി ഇതുസംബന്ധിച്ച കരാറിൽ ഏർപ്പെട്ടത്. നവീകരണത്തെക്കുറിച്ച് പ്രതിരോധ മന്ത്രാലയത്തിന് വ്യക്തതയില്ലാത്തതും ആസൂത്രണത്തിന്റെ കുറവുമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കരാർ അനുസരിച്ച് 2018 ജൂലായിൽ ആരംഭിച്ച് 2024 ഓടെ നവീകരണം പൂർത്തിയാക്കേണ്ടതാണ്. കോടികൾ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കുന്ന ഹെലികോപ്റ്ററുകൾക്ക് വെറും രണ്ടുവർഷത്തിൽ താഴെ ആയുസ് മാത്രമേ ഉളളൂ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
റഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് കൈമാറുമ്പോൾ, കരാറിന്റെ ഭാഗമായി നിർമാതാക്കളായ ദസാൾട്ട് ഏവിയേഷൻ പാലിക്കേണ്ട ചില നിബന്ധനകൾ പാലിച്ചില്ലെന്ന കുറ്റപ്പെടുത്തലും റിപ്പോർട്ടിലുണ്ട്. റഫേലിന് മിസൈൽ സിസ്റ്റം നൽകുന്ന യൂറോപ്യൻ കമ്പനിയായ എം ബി ഡി എ യും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് കഴിഞ്ഞദിവസം പാർലമെന്റിന് സമർപ്പിച്ചു
ആളില്ലാ ആകാശവാഹനങ്ങൾക്ക് എയ്റോ എൻജിനുകൾ വാങ്ങുന്നതിലെ ക്രമക്കേടുകളും റിപ്പോർട്ടിൽ തുറന്നുകാട്ടുന്നുണ്ട്. എൻജിനുകൾ വാങ്ങുന്നതിന് മാർക്കറ്റ് വിലയുടെ മൂന്നിരട്ടിയാണ് ഒരു ഇസ്രയേൽ കമ്പനിക്ക് നൽകിയതെന്നും നാവികസേനയുടെ നിലവിലുളള ലാൻഡിംഗ് പ്ളാറ്റ്ഫോം ഡോക്കുകൾ പര്യവേഷണ പ്രവർത്തനങ്ങൾക്കുളള ആവശ്യങ്ങൾക്ക് അപര്യാപ്തമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യൻ നാവികസേന 2010 ഒക്ടോബറിൽ 16,000 കോടി രൂപ മുടക്കി യുദ്ധക്കപ്പൽ സ്വന്തമാക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ വർഷം ഒൻപത് കഴിഞ്ഞെങ്കിലും കരാർ പൂർത്തിയാക്കാനായിട്ടില്ല. സമയപരിധി നിശ്ചയിക്കുന്നതിൽ പരാജയപ്പെട്ടതാണ് ഇതിന് കാരണമന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്ന മറ്റൊരുകാര്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |