തിരുവല്ല: കുറ്റപ്പുഴയിൽ ഹോംസ്‌റ്റേ കേന്ദ്രീകരിച്ച് നടന്നുവന്ന കള്ളനോട്ട് നിർമ്മാണ കേസിൽ നാലുപേർ കൂടി പിടിയിലായി. ശ്രീകണ്ഡപുരം ചെമ്പേലി തട്ടപ്പറമ്പിൽ വീട്ടിൽ എസ്. ഷിബു (43), ഷിബുവിന്റെ ഭാര്യ സുകന്യ (നിമിഷ -31), ഷിബുവിന്റെ സഹോദരൻ തട്ടാപ്പറമ്പിൽ വീട്ടിൽ എസ്. സജയൻ(35), കൊട്ടാരക്കര ജവഹർനഗർ ഗാന്ധിമുക്ക് ലക്ഷംവീട് കോളനിയിൽ സുധീർ(40 ) എന്നിവരാണ് പിടിയിലായത്. ഷിബുവിന്റെ പിതൃസഹോദര പുത്രൻ കാഞ്ഞിരപ്പള്ളി കൊടുങ്ങൂർ തട്ടാപ്പറമ്പിൽ വീട്ടിൽ സജി(38) വ്യാഴാഴ്ച പിടിയിലായിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. സംഘം ഉപയോഗിച്ചു വന്നിരുന്ന രണ്ട് ഇന്നോവ കാറുകൾ പിടിച്ചെടുത്തതായി തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു. നോട്ട് അച്ചടിക്കാൻ ഉപയോഗിക്കുന്ന പ്രിന്ററും പേപ്പറുകളും സജിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഹോംസ്‌റ്റേയിൽ താമസിച്ചിരുന്ന ഇവർ പോയ ശേഷം മുറി വൃത്തിയാക്കുമ്പോൾ 2000, 500, 200 രൂപയുടെ കള്ളനോട്ടുകളുടെ അവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നിൽ നിന്ന് ഉടമയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ തൃശൂരിലെ ചെങ്ങരംകുളങ്ങരയിൽ വ്യാജനോട്ട് അച്ചടിച്ചതിന് ഇവർ പിടിയിലായി ജയിലിലായിരുന്നു. പുറത്തിറങ്ങിയാണ് വീണ്ടും നോട്ട് നിർമ്മിച്ചത്.കണ്ണൂർ, പൊന്നാനി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലും വാടകവീടുകളും ഹോംസ്റ്റേകളും കേന്ദ്രീകരിച്ച് നോട്ട് നിർമ്മിച്ചിട്ടുണ്ട്. വിതരണത്തിനായി ഇടനിലക്കാരെ കണ്ടെത്തി അവർക്ക് വ്യാജനോട്ടിന്റെ വീഡിയോ അയച്ചുകൊടുക്കും. കരാറായാൽ ഒരുലക്ഷം രൂപ വാങ്ങി മൂന്നു ലക്ഷത്തിന്റെ വ്യാജനോട്ടുകൾ നൽകുകയാണ് രീതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |