തിരുവനന്തപുരം: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബിജെപിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തെ കൊലക്കളമാക്കി മാറ്റുവാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. നാല് സി.പി.എം പ്രവർത്തകർ കൊല്ലപ്പെട്ടിട്ടും പാർട്ടി അങ്ങേയറ്റം സംയമനത്തോടെയാണ് മുന്നോട്ട് പോകുന്നത്. കൊലക്കത്തി രാഷ്‌ട്രീയം ഉപേക്ഷിക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകണം. കൊലപാതക രാഷ്‌ട്രീയത്തിനെതിരെ സി.പി.എം പാർട്ടി ഘടകങ്ങൾ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
മാദ്ധ്യമങ്ങൾക്കെതിരെയും കോടിയേരി വിമർശനം ഉന്നയിച്ചു. മാദ്ധ്യമങ്ങൾ ഏകപക്ഷീയമായ നിലപാട് കൈക്കൊളളരുത്. കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് കമ്മ്യൂണിസ്‌റ്റ് വിരുദ്ധ മനോഭാവമാണ്. കോർപ്പറേറ്റ് നിലപാടാണ് കേരളത്തിലെ മാദ്ധ്യമങ്ങൾക്കുളളത്. കോർപറേറ്റ് താൽപര്യങ്ങൾക്ക് എതിരെയുളള ചർച്ചകൾ മാദ്ധ്യമങ്ങൾ നടത്തുന്നില്ല. സർക്കാർ നടപ്പാക്കുന്ന വികസനം ചർച്ചയാകാതിരിക്കാൻ മാദ്ധ്യമങ്ങൾ നിരന്തരം വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി അറിഞ്ഞാണ് സ്വപ്ന സുരേഷിന്റെ നിയമനം എന്ന് ഇ.ഡിയുടെ കുറ്റപത്രത്തിൽ പറയുന്നില്ല. സ്വപ്‌നയുടെ മൊഴി ആവർത്തിക്കുക മാത്രമാണ് ചെയ്‌തത് എന്നിട്ടും മാദ്ധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചെന്ന് കോടിയേരി ആരോപിച്ചു. മാദ്ധ്യമങ്ങൾ വിവാദങ്ങൾ വിട്ട് ജനജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണം ഇക്കാര്യങ്ങൾക്കായി മാദ്ധ്യമങ്ങളുമായി സി.പി.എം ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കോടിയേരി പറഞ്ഞു. ഇന്നത്തെ നിലയിൽ കാര്യങ്ങൾ മാദ്ധ്യമങ്ങൾക്കും ജനാധിപത്യത്തിനും നല്ലതല്ല.
പി.ടി തോമസിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണ്. എം.എൽ.എ കളങ്കിതനാണോയെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |