ന്യൂഡൽഹി: കേന്ദ്ര- പൊതുമേഖലാ ജീവനക്കാർക്ക് എൽ ടി സി ( ലീവ് ട്രാവൽ കൺസഷൻ) വൗച്ചറുകൾ അവതരിപ്പിച്ച് ധനമന്ത്രാലയം. കൊവിഡ് കാലത്ത് കുടുംബവുമൊത്ത് യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമായതിനാൽ, എൽ ടി സി സ്‌ക്രീമിൽ അനുവദിച്ചിട്ടുള്ള തുക ജീവനക്കാർക്ക് പണമാക്കി മാറ്റാം എന്നതാണ് പുതിയ പദ്ധതിയുടെ പ്രത്യേകത. എന്നാൽ ഡിജിറ്റൽ രൂപത്തിലാകും ഇത് സാധ്യമാവുക. 12 ശതമാനമോ അതിന് മുകളിലോ ജി എസ് ടിയുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും മാത്രമേ എൽ ടി സി വൗച്ചർ പദ്ധതിയിൽ ഉൾപ്പെടുകയുള്ളൂ എന്നതും മറ്റൊരു പ്രത്യേകതയാണ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തളർന്ന സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുൻ നിറുത്തിയാണ് ഈ പ്രഖ്യാപനമെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
2021 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി. 5675 കോടിയാണ് എൽ ടി സി വൗച്ചർ പദ്ധതിക്കായി കേന്ദ്രസർക്കാർ മാറ്റി വച്ചിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ ജീവക്കാർക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുമേഖലാ ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. 28000 കോടിരൂപ ഇതുവഴി സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.
ഇതുകൂടാതെ, എല്ലാ ജീവനക്കാർക്കും 10000 രൂപ അഡ്വാൻസ് ഫെസ്‌റ്റിവൽ അലവൻസ് ആയി നൽകാനും തീരുമാനമായി. ഈ തുകയ്‌ക്ക് പലിശ ഈടാക്കില്ല. റുപെ കാർഡ് ആയിട്ടായിരിക്കും തുക നൽകുക.
മൂന്ന് ഘടകങ്ങൾ അടങ്ങിയ, മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങൾക്ക് 12,000 കോടി രൂപയുടെ 50 വർഷത്തെ വായ്പ വാഗ്ദാനവും കേന്ദ്ര സർക്കാർ മന്നോട്ടുവയ്ക്കുന്നു. എട്ട് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് 200 കോടി വീതം നൽകും, 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങൾക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രിയുടെ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഉപഭോക്തൃ ചെലവുകളും മൂലധനച്ചെലവും വർദ്ധിപ്പിക്കുന്നതിനായി ഇന്ന് പ്രഖ്യാപിച്ച നടപടികളിലൂടെ 2021 മാർച്ച് 31 നകം 73,000 കോടി രൂപയുടെ ഡിമാൻഡ് വർദ്ധിപ്പിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകട്ടുന്നത്. റോഡുകൾ, പ്രതിരോധ ഇൻഫ്ര, ജലവിതരണം, നഗരവികസനം എന്നിവയ്ക്കായി ബജറ്റിൽ വകയിരുത്തിയ 4.13 ലക്ഷം കോടിക്ക് പുറമേ 25,000 കോടി രൂപ കൂടി ചെലവാക്കാനും സർക്കാർ തീരുമാനമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |