ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിൽ ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി അടിയന്തര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. ഇന്ത്യ-ചെെന അതിർത്തി തർക്കം പരിഹരിക്കാൻ ഏറെ സമയം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ജയ്ശങ്കർ ഈക്കാര്യം വ്യക്തമാക്കിയത്.
1980 മുതൽ അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിന്നിരുന്നതിനാൽ ഇരുരാജ്യങ്ങളും വ്യാപാരം, ടൂറിസം, സാമൂഹിക പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരിച്ചുവരികയായിരുന്നു. ഈ വർഷത്തെ അതിർത്തി സംഘർഷം സ്ഥിതിഗതികളെ വല്ലാതെ അസ്വസ്ഥമാക്കിയെന്നും ജയ്ശങ്കർ പറഞ്ഞു. പൂനെ ഇന്റർനാഷണൽ സെന്റർ മുൻ അംബാസിഡർ ഗൗതം ബംബവാലെയുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
"അതിർത്തി തർക്കം വളരെ സങ്കീർണവും ബുദ്ധിമുട്ടുള്ളതുമാണെന്ന് ഞങ്ങൾ മനസിലാക്കുന്നു. പരിഹരിക്കുന്നത് എളുപ്പമല്ലെന്ന് ഞങ്ങൾക്ക് അറിയാം. പലപ്പോഴായി ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും ഉണ്ടായിരിക്കണം, 1980 കളുടെ അവസാനം മുതൽ അങ്ങനെയാണ്." എസ്.ജയ്ശങ്കർ പറഞ്ഞു.
1975ന് ശേഷം 2020ൽ ആദ്യമായാണ് ഇന്ത്യ-ചെെന അതിർത്തിയിൽ ഇത്തരത്തിൽ ഒരു സംഘർഷം ഉണ്ടാകുന്നത്. സംഘർഷങ്ങളെ തുടർന്ന് നിരവധി തവണ ഇരുരാജ്യങ്ങൾ തമ്മിൽ സെെനിക,നയതന്ത്രതല ചർച്ചയുണ്ടായെങ്കിലും അതിർത്തി തർക്കം പരിഹരിക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |