ന്യൂഡൽഹി: പുതിയ കൊവിഡ് കേസുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ രാജ്യം തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുന്നു. വിദേശ അതിഥികൾക്ക് രാജ്യത്തേക്ക് എത്താനുള്ള മാർഗങ്ങൾ തുറന്നുകൊടുത്തുകൊണ്ട് പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ ഉണർവിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിടുന്നത്. ഇതിനായി വിമാനമാർഗവും കപ്പൽമാർഗവുമുള്ള യാത്രകൾക്ക് മേലുള്ള വിലക്കുകൾ ക്രമേണ എടുത്തുനീക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
എന്നാൽ നിലവിൽ ഇന്ത്യയിലേക്ക് ബിസിനസ്, മെഡിക്കൽ ആവശ്യങ്ങൾക്കായി വരുന്ന ആഗ്രഹിക്കുന്ന വിദേശീയർക്കാണ് കേന്ദ്രം രാജ്യത്തേക്ക് യാത്ര നടത്താനുള്ള അനുമതി നൽകുക. വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടില്ല.
എയർ ബബിൾ കരാറുകൾ, സ്വകാര്യ വിമാനങ്ങൾ, പ്രത്യാനയിക്കൽ പദ്ധതികൾ(റീപ്പാട്രിയേഷൻ) എന്നിവ വഴിയും കപ്പൽ മാർഗം വഴിയും ഇവർക്ക് രാജ്യത്തേക്ക് എത്താവുന്നതാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. എന്നാൽ, കൊവിഡ്/ക്വാറന്റീൻ മാനദണ്ഡങ്ങളും രോഗപ്രതിരോധ മാർഗങ്ങളും സ്വീകരിച്ചുകൊണ്ടുവേണം സന്ദർശകർ രാജ്യത്തേക്ക് പ്രവേശിക്കേണ്ടതെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇലക്ട്രോണിക്, ടൂറിസ്റ്റ്, മെഡിക്കൽ എന്നീ വീസകൾ ഒഴിച്ച് ബാക്കിയെല്ലാ വീസകളും പുനഃസ്ഥാപിക്കുമെന്നും കാലഹരണപ്പെട്ട വീസകൾ കൈവശം വച്ചിരിക്കുന്നവർക്ക് പുതിയ വീസകൾക്കായി(ബിസിനസ്, മെഡിക്കൽ, ഗവേഷണം, കോൺഫറൻസ്, പഠനം, ജോലി എന്നീ ആവശ്യങ്ങൾക്കുവേണ്ടി) അപേക്ഷിക്കാവുന്നതാണെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 55,000ത്തിലേക്ക് ചുരുങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ പെട്ടെന്നുള്ള തീരുമാനം. എന്നാൽ വരുന്ന ആഴ്ചയിൽ പ്രതിദിന കൊവിഡ് കേസുകൾ അതിന്റെ പാരമ്യത്തിൽ എത്തുമെന്നാണ് കേന്ദ്ര സർക്കാരിലെ ശാസ്ത്രജ്ഞരുടെ സമിതി പറയുന്നത്. രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞത് രോഗപരിശോധന കുറഞ്ഞതിന്റെ സൂചനയാണെന്ന് സർക്കാർ രോഗവിവരക്കണക്കുകളുടെ വിമർശകരും പറയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |