വടക്കഞ്ചേരി: ലോകത്ത് നടക്കുന്ന പ്രധാന സംഭവങ്ങളുടെ പത്രവാർത്താ കട്ടിംഗുകൾ ആൽബമാക്കി സമൂഹത്തിനും വരും തലമുറയ്ക്കുമായി ഒരുക്കുകയാണ് സിവിൽ എൻജിനീയറായ വണ്ടാഴി നെല്ലിക്കോട് സ്വദേശി എ.റഹ്മത്തുള്ള. കഴിഞ്ഞ മുപ്പത് വർഷത്തിനിടെ ലോകത്ത് നടന്ന പ്രധാന സംഭവങ്ങളെ ഉൾപ്പെടുത്തി 'ദൃഷ്ടാന്തങ്ങൾ" എന്ന പേരിലാണ് ആൽബം തയ്യാറാക്കിയിട്ടുള്ളത്.
തൊള്ളായിരത്തിലധികം പേജുകളുള്ള ആൽബത്തിൽ 1990-91 കാലത്തെ ഗൾഫ് യുദ്ധം മുതൽ കൊവിഡ് മഹാമാരി വരെയുള്ള സംഭവം ഉൾപ്പെടുന്നു. 2004ലെ സുനാമി, പ്രളയം, അന്തരിച്ച പ്രഗത്ഭ വ്യക്തികളെ കുറിച്ചുള്ള അനുസ്മരണം, അപകടങ്ങൾ, സാമൂഹിക പഠനം, കൗതുക വാർത്തകൾ, കോടതി വിധികൾ തുടങ്ങി 15 വോള്യമായി ക്രോഡീകരിച്ചാണ് ആൽബം തയ്യാറാക്കിയിട്ടുള്ളത്.
ലോക് ഡൗൺ കാലത്താണ് ആൽബം ഭൂരിഭാഗവും പൂർത്തീകരിച്ചത്. 1990ൽ പത്താംതരത്തിൽ പഠിക്കുമ്പോൾ ഹോബിയായിട്ടായിരുന്നു തുടക്കം. സമൂഹത്തിന് നല്ല സന്ദേശം നൽകുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞ ദിവസം കെ.ഡി.പ്രസേനൻ എം.എൽ.എ ആൽബം പ്രകാശനം ചെയ്തു.
കൊവിഡ് നിയന്ത്രണം അവസാനിച്ച ശേഷം പൊതുയിടങ്ങളിൽ എക്സിബിഷനുകളും സ്‌കൂളുകളിൽ പ്രത്യേക പ്രദർശനവും ഒരുക്കും. ഭാര്യയും മക്കളും പിന്തുണയായി രംഗത്തുണ്ട്. ചിത്രരചന, സ്റ്റാമ്പ് ശേഖരണം, സാഹിത്യസൃഷ്ടികൾ, സാമൂഹ്യ സേവനം തുടങ്ങിയ രംഗങ്ങളിലും റഹ്മത്തുള്ള ശ്രദ്ധേയനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |