തിരുവനന്തപുരം: സി.ബി.ഐയോട് കടക്ക് പുറത്ത് പറയാൻ ഒരുങ്ങി സി.പി.എം. എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും എൻ.ഐ.എയുമൊക്കെ ശ്വാസം മുട്ടിക്കുന്നതിനിടയിൽ സി.ബി.ഐയുടെ ശല്യം കൂടി താങ്ങുക എന്നത് സർക്കാരിന് ചിന്തിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. സുപ്രധാനമായ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.ബി.ഐയെ രാഷ്ട്രീയമായി കേന്ദ്രം ഉപയോഗിക്കുമോയെന്ന ഭയവും സർക്കാരിനുണ്ട്. ഈ സാഹചര്യത്തിലാണ് സി.ബി.ഐയെ എങ്ങനെ കെട്ടുകെട്ടിക്കാമെന്ന് സർക്കാരും സി.പി.എമ്മും എൽ.ഡി.എഫും ഒത്തൊരുമിച്ച് ചിന്തിക്കുന്നത്.
സി.ബി.ഐയെപ്പറ്റിയുളള ആശങ്ക എൽ.ഡി.എഫ്. യോഗത്തിൽ എല്ലാ ഘടകകക്ഷികളും പങ്കുവച്ചിട്ടുണ്ട്. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴൊക്കെ മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പി. ഇതര സർക്കാരുൾ സി.ബി.ഐയെ മാറ്റി നിർത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളൊക്കെ സി.ബി.ഐ.ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്നാണ് സി.പി.എം സർക്കാരിന് നൽകിയിരിക്കുന്ന നിർദേശം.
സംസ്ഥാന സർക്കാരിന്റെ പരിധിയിലുളള കാര്യങ്ങൾ സി.ബി.ഐ നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സർക്കാർ പരിശോധിക്കണമെന്നാണ് പാർട്ടി നിലപാട്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുൽഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തിൽ മുൻകൂർ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സർക്കാർ പരിശോധിക്കണമെന്നാണ് സി.പി.എം നേതാക്കളുടെയും അഭിപ്രായം.
അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന് തെളിവായി സി.പി.എം ചൂണ്ടിക്കാട്ടുന്നത് ടൈറ്റാനിയം കേസാണ്. സി.ബി.ഐ അന്വേഷിക്കണമെന്ന് ഒരുവർഷംമുമ്പ് സർക്കാർ ആവശ്യപ്പെട്ടതാണ്. അത് ഏറ്റെടുക്കാനാവില്ലെന്നാണ് ഇപ്പോൾ കേന്ദ്രം നിലപാടെടുത്തിട്ടുളളത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവർ പ്രതികളായ കേസാണിത്. മാറാടുകേസ് നാലുവർഷമായിട്ടും സി.ബി.ഐ. അന്വേഷണം എവിടെയുമെത്തിയിട്ടില്ല.
സംസ്ഥാനസർക്കാരുകൾ വിലക്കിയാലും സി.ബി.ഐ. അന്വേഷിക്കുന്നതിന് വ്യവസ്ഥചെയ്ത കേസുകൾ ഏറ്റെടുക്കുന്നതിന് തടസമുണ്ടാകില്ല. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ സി.ബി.ഐ.ക്ക് അന്വേഷിക്കാം. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ ഏറ്റെടുക്കാതിരിക്കുകയും മറ്റ് കേസുകൾ അന്വേഷിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം. അതാണ് മുൻകൂർ അനുമതി പുന:പരിശോധിക്കണമെന്ന് സി.പി.എം നിർദേശിക്കാൻ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |