കൊച്ചി: സ്വകാര്യ ബസ് ഉടമകളെ കൂട്ട ആത്മഹത്യയിൽനിന്ന് രക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. കൊവിഡ് മൂലം ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത് സ്വകാര്യ ബസ് വ്യവസായമാണ്. സർക്കാരിന്റെ സുരക്ഷാമുന്നറിയിപ്പുകൾ യാത്രക്കാരെ സ്വകാര്യ ബസുകളിൽ നിന്നും അകറ്റുന്ന സാഹചര്യമുണ്ടക്കി. മോറട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ടും ഇൻഷ്വറൻസിനും നികുതിയിലും ഇളവുചെയ്തതുകൊണ്ടുമാണ് ഉടമകൾ ഇതുവരെ പിടിച്ചുനിന്നത്. ഇപ്പോൾ മോറട്ടോറിയം തീർന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ കേസ് നിലനിൽക്കുമ്പോൾതന്നെ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം അടയ്ക്കാൻ നിർബന്ധിക്കുന്നത് അനീതിയാണ്. വായ്പകൾ തിരിച്ചുപിടിക്കുന്ന നടപടികൾ അതിരുവിട്ടാൽ പല ബസ് ഉടമകളുടെയും കൂട്ട ആത്മഹത്യകൾക്ക് കേരളം സാക്ഷ്യംവഹിക്കും. അങ്ങനൊരു ദുരന്തം ഒഴിവാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഓൾ കേരളാ ബസ് ഓപ്പറേറ്റ്സ് ഓർഗനൈസേഷൻ സംസ്ഥാന സീനിയർ സെക്രട്ടറി ജോയി ചെട്ടിശേരി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |