തിരുവനന്തപുരം : സംസ്ഥാനത്ത് എ.ടി.എമ്മുകളും ബാങ്കുകളും വാണിജ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ആസൂത്രിത കവർച്ചയ്‌ക്കെത്തിയ ഇറാൻ പൗരൻമാരായ രണ്ടംഗ സംഘം തലസ്ഥാനത്ത് പൊലീസ് പിടിയിലായി. സെക്രട്ടേറിയറ്റിന് സമീപത്തെ ഹോട്ടലിൽ നിന്ന് കന്റോൺമെന്റ് സി.ഐ ബി.എം ഷാഫിയും സംഘവുമാണ് ഇവരെ പിടികൂടിയത്.കവർച്ചാ സംഘത്തലവനായ ഇറാനിയൻ പൗരൻ ഈനുള്ള (40), മൊഹസിൻ (44, ദാവൂദ്(23), മജിദ്(28) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ ഹോട്ടൽ മുറിയിൽ റൂമെടുക്കാനെത്തിയ ഇവരിൽ രണ്ടുപേർക്ക് വിസയില്ലാതിരുന്നതിൽ സംശയം തോന്നിയ ഹോട്ടലുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ബാങ്ക് കവർച്ചാകേസിൽ ലുക്ക് ഔട്ട് നോട്ടീസിലുള്ള ചിലരുമായി സാമ്യം തോന്നിയത്. വിശദമായ പരിശോധനയിൽ ആലപ്പുഴ ഷാഡോ പൊലീസ് സംഘം ചേർത്തലയിലെ ഒരു കവർച്ചയുമായി ബന്ധപ്പെട്ട് ഇവരുടെ സിസി ടിവി ദൃശ്യങ്ങൾ വാട്ട്സ് ഗ്രൂപ്പിൽ ഇട്ടിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ഇവരെ കന്റോൺമെന്റ് പൊലീസ് അപ്പോൾതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരത്ത് കവർച്ച ആസൂത്രണം ചെയ്ത് ഹോട്ടലിൽ തങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. തുടർന്ന് ചേർത്തലയിൽ നിന്ന് പൊലീസെത്തി ഇവരെ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. ഇവരുടെ കാറും കസ്റ്റഡിയിലെടുത്തു. ഇന്ത്യയിലൊട്ടാകെ കവർച്ച നടത്തുന്ന 24 അംഗ സംഘത്തിന്റെ നേതാവ് ഉൾപ്പെടെ നാലു പേരാണ് പിടിയിലായത്.
ഇന്റർനാഷണൽ ക്രിമിനൽ സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ബാങ്കുകളും എ.ടി.എമ്മുകളും വാണിജ്യ സ്ഥാപനങ്ങളും കവർച്ച ചെയ്യുന്ന ഇവർ കൺകെട്ട് വിദ്യയിലൂടെ പണവും സാധനങ്ങളും അപഹരിക്കുന്നതിലും വിരുതൻമാരാണ്. കേരളത്തിലെ മണി എക്‌സേചേഞ്ചുകളും പോസ്റ്റ് ഓഫീസുകളും കവർച്ച ചെയ്യാനാണ് എത്തിയതെന്ന് ഇവർ സമ്മതിച്ചു. ഇന്ത്യയിലാകമാനം മഹാനഗരങ്ങളിലുൾപ്പെടെ നൂറുകണക്കിന് കേസുകളിൽ ഇവർ പ്രതികളാണ്. ഒരിടത്ത് കവർച്ച നടത്തിയാൽ പിന്നീട് കുറച്ച് മാസങ്ങൾ അവിടേക്ക് പോകാതെ മറ്റ് സ്ഥലങ്ങളിലേക്ക് മാറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. കന്റോൺമെന്റ് സി.ഐ ഷാഫി ബി.എം , എസ്.ഐ സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |