തളിപ്പറമ്പ്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ബൈക്കിലെത്തി കഴുത്ത് ഞെരിച്ച് മാല കവർന്ന കേസിൽ പ്രതികൾ അറസ്റ്രിൽ. അഴീക്കലിലെ മാളിയേക്കൽ സോളമൻ സുന്ദർ പീറ്റർ (40), മോറാഴയിലെ തീർത്തപ്പൊയിൽ ടി.പി അർഷാദ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
പറശിനിക്കടവ് നണിച്ചേരിയിലെ കുരാകുന്നേൽ രോഹിണി (68)യുടെ രണ്ടുപവന്റെ മാലയാണ് ഇവർ പിടിച്ചുപറിച്ചത്. നണിച്ചേരിയിലെ ശ്മശാനത്തിന് സമീപം വെച്ചായിരുന്നു സംഭവം. ഹെൽമറ്റും മാസ്‌ക്കും ധരിച്ച രണ്ടംഗസംഘത്തിലെ പിന്നിലിരുന്നയാളാണ് ഇറങ്ങിവന്ന് വീട്ടമ്മയുടെ മുഖം തിരിച്ച ശേഷം കഴുത്ത് ഞെരിച്ച് മാല കവർന്ന് രക്ഷപ്പെട്ടത്. ബഹളംകേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും സംഘം രക്ഷപ്പെടുകയായിരുന്നു. ഇൻസ്‌പെക്ടർ എൻ.കെ സത്യനാഥന്റെ നേതൃത്വത്തിൽ എസ്.ഐ പുരുഷോത്തമൻ, എ.എസ്.ഐ എ.ജി അബ്ദുൾറൗഫ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
മയ്യിലിൽ നിന്നും ഒരു പവൻ സ്വർണമാല കവർന്ന കേസിലും ഇവർ പ്രതികളാണ്. മോഷണം നടത്തി ലഭിക്കുന്ന പണം ധൂർത്തടിച്ച് ജീവിക്കുകയാണ് ഇവരുടെ രീതി. ഇവർ ഓടിച്ചിരുന്ന കെ.എൽ 13 എ.ജെ 2932 ആഢംബര ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. സംഭവം നടന്ന പ്രദേശത്തെ നിരീക്ഷണ കാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തിയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് ഉൾപ്പെടെ പരിശോധിക്കുകയും ഫോറൻസിക് സംഘത്തിന്റെ സഹായം തേടുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |