പാലാ: പാലാ നഗരസഭയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ പിടിച്ചുകെട്ടി കൊവിഡ്. നഗരസഭയിലെ 20ാം വാർഡിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോഷി വട്ടക്കുന്നേലിന് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥികൾ ഒന്നടങ്കം ക്വാറന്റൈനിലായി. 30 വരെ സ്ഥാനാർത്ഥികളും കുടുംബാംഗങ്ങളും വീടുകളിൽ നിരീക്ഷണത്തിൽ തുടരുമെന്നും 30ന് നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിൽ മാത്രമെ നേരിട്ടുള്ള പ്രചാരണ പരിപാടികൾ പുന:രാരംഭിക്കൂവെന്നും യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമിതി നേതാക്കളായ കുര്യാക്കോസ് പടവനും പ്രൊഫ. സതീഷ് ചൊള്ളാനിയും അറിയിച്ചു.
19ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അന്നും ചിഹ്നം അനുവദിച്ച ദിവസവും യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമത്തിലും ജോഷി വട്ടക്കുന്നേൽ പങ്കെടുത്തിരുന്നു. നാല് ദിവസമായി വാർഡുകളിലെ വിവിധ കുടുംബങ്ങളിലെത്തി നേരിട്ട് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് സംബന്ധമായ ദിവസങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുമായി മാത്രമല്ല വിവിധ മുന്നണികളിൽ മത്സരിക്കുന്നവരും വിവിധ നേതാക്കളുമുൾപ്പടെ 150 ഓളം ആളുകളുമായി ജോഷി സൗഹൃദം പുതുക്കുകയും അടുത്തിടപഴകുകയും ചെയ്തു . നഗരസഭാ തിരഞ്ഞെടുപ്പ്
വരണാധികാരി ഉൾപ്പടെയുള്ള 30 ഓളം ഉദ്യോഗസ്ഥരും സ്വയം നിരീക്ഷണത്തിൽ പോകേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ജോഷിയുമായി അടുത്തിടപഴകിയ തങ്ങളുടെ സ്ഥാനാർത്ഥികളോടും ക്വാറന്റൈനിൽ പോകണമെന്ന് ഇടത് മുന്നണി എൻ.ഡി.എ നേതൃത്വവും
നിർദ്ദേശിച്ചിട്ടുണ്ട്.
ജോഷിയുടെ ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇവർ വീട്ടിൽ തന്നെ ക്വാറന്റൈനിൽ കഴിയുകയാണ്. അതേസമയം ബുധനാഴ്ച വരണാധികാരി വിളിച്ചു ചേർത്ത സ്ഥാനാർത്ഥികളുടെ യോഗത്തിൽ താൻ പങ്കെടുത്തതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണന്ന് ജോഷി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |