അയ്യന്റെ സ്വന്തം പോസ്റ്റ് ഓഫീസ്
ശബരിമല- നിരവധി പ്രത്യേകതകളുള്ള ശബരിമല സന്നിധാനത്തെ പോസ്റ്റ് ഓഫീസ് വർഷത്തിൽ മൂന്ന് മാസം മാത്രമാണ് പ്രവർത്തിക്കുന്നത്. സാധാരണ പോസ്റ്റ് ഓഫീസ് സീലിൽ നിന്നും വ്യത്യസ്തമായി അയ്യപ്പസ്വാമി വിഗ്രഹത്തിന്റെയും പതിനെട്ട് പടികളുടെയും ചിത്രം ആലേഖനം ചെയ്ത സീലാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ സീൽ പതിച്ച പോസ്റ്റ് കാർഡ് വാങ്ങി വേണ്ടപ്പെട്ടവർക്ക് അയച്ചു നൽകാൻ ഭക്തർ പോസ്റ്റ് ഓഫീസ് സന്ദർശിക്കുന്നത് പതിവാണ്. 689713 പിൻ കോഡുള്ള പോസ്റ്റ് ഓഫീസ് ശബരിമലയിൽ സേവനം തുടങ്ങിയത് 1963 ൽ ആണ്. ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് മാത്രമാണ് സന്നിധാനത്തെ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ദർശനം നടത്താൻ കഴിയാത്ത ഭക്തർക്കായി ഈവർഷം മുതൽ പ്രസാദം തപാൽ വകുപ്പ് മുഖേന വിതരണം ചെയ്യുന്നുണ്ട്. അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പണം അടയ്ക്കുന്നവർക്ക് ഇന്ത്യയിലെവിടെയും അയ്യപ്പസ്വാമിയുടെ പ്രസാദം തപാൽ വകുപ്പ് എത്തിച്ചു നൽകും. അയ്യപ്പസ്വാമിയുടെ ചിത്രം പതിച്ച മൈ സ്റ്റാമ്പും തപാൽ വകുപ്പ് ഒരുക്കിയിട്ടുണ്ട്. അയ്യപ്പസ്വാമിക്ക് വിവാഹ ക്ഷണക്കത്ത്, ഗൃഹപ്രവേശന ക്ഷണം, നന്ദി അറിയിപ്പ് തുടങ്ങിയ കത്തുകളും മണി ഓർഡറുകളും സന്നിധാനം പോസ്റ്റ് ഓഫീസിലേക്ക് എത്താറുണ്ട്.
പോസ്റ്റൽ സേവനങ്ങൾക്കു പുറമേ മൊബൈൽ റീചാർജ്, ഇൻസ്റ്റന്റ് മണി ഓർഡർ, അടക്കമുള്ള സൗകര്യങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് മാത്രം പ്രവർത്തിക്കുന്ന സന്നിധാനം പോസ്റ്റ് ഓഫീലെ അയ്യപ്പന്റെ ചിത്രം പതിപ്പിച്ച മുദ്ര പോസ്റ്റ് ഓഫീസ് അടയ്ക്കുന്നതോടെ റാന്നിയിലെ പോസ്റ്റൽ ഇൻസ്‌പെക്ടറുടെ ഓഫീസിലാണ് അടുത്ത ഉത്സവകാലം വരെ ഭദ്രമായി സൂക്ഷിക്കുന്നത്. ഈ വർഷം പോസ്റ്റ് മാസ്റ്റർ നിധീഷ് പ്രസാദ്, പോസ്റ്റ്മാൻമാരായ ജിഷ്ണു ചന്ദ്രൻ, മനു മോഹൻ എന്നീ മൂന്ന് ഉദ്യോഗസ്ഥരെയാണ് തപാൽ വകുപ്പ് സേവനത്തിനായി നിയമിച്ചിരിക്കുന്നത്.
കൊവിഡ് : ആശങ്ക വേണ്ട, ജാഗ്രത മതി
ശബരിമലയിൽ കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ, ജാഗ്രത ശക്തമാക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ പറഞ്ഞു. പ്രതീക്ഷിച്ചതിലും കുറവ് കൊവിഡ് കേസുകളാണ് കഴിഞ്ഞ
രണ്ടാഴ്ച കാലയളവിൽ റിപ്പോർട്ട് ചെയ്തത്. ശബരിമല സന്നിധാനത്ത് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡി എംഒ.
ശബരിമലയിൽ തുടർച്ചയായി സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെ പതിനാല് ദിവസം കൂടുമ്പോൾ കൊവിഡ് ടെസ്റ്റിന് വിധേയരാക്കണമെന്നും തീർത്ഥാടകരുമായി കൂടുതൽ സമ്പർക്കം വരുന്ന ഉദ്യോഗസ്ഥരും പണം കൈകാര്യം ചെയ്യുന്നവരും വളരെ ശ്രദ്ധയോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഡിഎംഒ നിർദേശം നൽകി.
സന്നിധാനത്ത് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സത്വര നടപടി സ്വീകരിച്ചെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച പൊലീസ് സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു. ഭക്തർ സ്പർശിക്കുന്ന സ്ഥലങ്ങളിൽ നിശ്ചിത സമയം ഇടവിട്ട് അണുനശീകരണം നടത്തുന്നുണ്ട്. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന ആരംഭിക്കും. ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന എല്ലാ വകുപ്പുകളും വളരെ നല്ല രീതിയിലാണ് കൊവിഡിനെതിരെ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പൊലീസ് സ്‌പെഷൽ ഓഫീസർ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആവശ്യമായ മുൻകരുതലും തുടർ നടപടികളും കൈക്കൊണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്‌സിക്യുട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു.
ഫെസ്റ്റിവൽ കൺട്രോളർ ബി.എസ്. ശ്രീകുമാർ, ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. മനോജ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് പി.വി. സുധീഷ് വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |