നെടുമങ്ങാട്:സേവന,തൊഴിൽ മേഖലകളിൽ ശ്രദ്ധേയരായവർ തദ്ദേശ തിരഞ്ഞെടുപ്പ് കളരിയിൽ വേറിട്ട മുഖങ്ങളാവുന്നു.കൊവിഡ് പ്രതിരോധത്തിൽ ത്യാഗനിർഭരമായ സേവനം കാഴ്ചവച്ച സർക്കാരാശുപത്രികളിലെ നഴ്‌സുമാരുടെ പ്രതിനിധിയാണ് നെടുമങ്ങാട് നഗരസഭയിലെ പറണ്ടോട് വാർഡിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥി സൂര്യ എസ്.നായർ. ബിഎസ്.സി നഴ്‌സിംഗ് പഠനം പൂർത്തിയാക്കി,ഒരു വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് പ്രതിരോധ സേനയിൽ കർമ്മനിരതയാണ് ഈ 28 -കാരി.കൊവിഡ് ബാധിതരായ നിരവധിപേർക്ക് സമാശ്വാസത്തിന്റെ കൈതാങ്ങാവാൻ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്.ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി നെടുമങ്ങാട് വി.ശ്രീകുമാറിന്റെ ഇളയ മകൾ.ജില്ലാ പഞ്ചായത്ത് ആനാട് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്.സുനിത റബർ ടാപ്പിംഗ് തൊഴിലാളികളെയാണ് പ്രതിനിധീകരിക്കുന്നത്. അതിരാവിലെ ടാപ്പിംഗ് ജോലികൾ ആരംഭിച്ചു കൊണ്ടാണ് സുനിത ഒരു ദിനം ആരംഭിക്കുന്നത്.പനവൂരിലെ ജനകീയഹോട്ടലിന്റെ നടത്തിപ്പും 'പാഥേയം" പദ്ധതിയിലൂടെ അശരണർക്ക് ആഹാരം എത്തിക്കലും സുനിതയുടെ കർമ്മ മണ്ഡലത്തെ വ്യത്യസ്തമാക്കുന്നു. ഭർത്താവ് അനിൽകുമാറും ടാപ്പിംഗ് തൊഴിലാളിയാണ്.അരുവിക്കര ഗ്രാമപഞ്ചായത്ത് കരുമരക്കോട് വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സജാദിന്,വോട്ടഭ്യർത്ഥനയ്ക്കിടയിലും മറ്റു സ്ഥാനാർത്ഥികളുടെ ചുവരെഴുത്ത് മനോഹരമാക്കുന്നതിലാണ് ശ്രദ്ധ.സ്ഥലത്തെ പ്രധാന ചുവരെഴുത്ത്-പെയിന്റിംഗ് ജോലിക്കാരനായ സജാദ് പത്ത് വർഷം മുമ്പ് ആദ്യമായി സ്ഥാനാർത്ഥിവേഷം കെട്ടിയ അതേ വാർഡിൽ തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്. ആ തിരഞ്ഞെടുപ്പിൽ വിജയിച്ച് മെമ്പറായപ്പോഴും തന്റെ തൊഴിലിനെ കൈവിട്ടില്ല.മെമ്പറുടെ ഔദ്യോഗിക കാര്യങ്ങൾ നിറവേറ്റിക്കഴിഞ്ഞാൽ നിറക്കൂട്ടുകളുടെ ലോകത്താണ് സജാദ്. ഈ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാവണമെന്ന് പാർട്ടി ആവശ്യപ്പെട്ടപ്പോൾ സജാദിന് ഒറ്റ ഡിമാന്റേ ഉണ്ടായിരുന്നുള്ളു- വരയ്ക്കും പെയിന്റിംഗിനും പോകാൻ പാർട്ടി അനുവദിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |