ശബരിമല : വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ശബരിമല ദർശനം നടത്താനുള്ള സാഹചര്യമൊരുക്കാനുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു പറഞ്ഞു. ശബരിമല സന്നിധാനത്ത് മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകാനുള്ള തീരുമാനം ഉണ്ട്. തിങ്കളാഴ്ചയോടെ ഈ വർദ്ധനവ് വരും. തീർത്ഥാടകരുടെ എണ്ണം സർക്കാർ തലത്തിൽ പ്രഖ്യാപിക്കും. മണ്ഡലകാലം ആരംഭിച്ച് 12 ദിവസത്തിൽ 13,529 ഭക്തരാണ് അയ്യപ്പദർശനം നടത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീർത്ഥാടനം ആരംഭിച്ചത്. വെർച്വൽ ക്യൂവിലൂടെ രജിസ്റ്റർ ചെയ്തവരിൽ കൊവിഡ് നെഗറ്റീവ് ആയ 1000 ഭക്തരെ മാത്രമാണ് ഇപ്പോൾ ദിവസവും സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ആരോഗ്യ വകുപ്പിനോടും പൊലീസ് ഡിപ്പാർട്ട്‌മെന്റിനോടും മറ്റ് വിദഗ്ധരോടും ആലോചിച്ചതിന് ശേഷം മാത്രമേ എത്ര പേരെ കൂടുതൽ അനുവദിക്കാനാകും എന്ന കാര്യത്തിൽ തീരുമാനമാകൂ. രണ്ടു കോടിക്ക് താഴെ മാത്രമാണ് ശബരിമലയിലെ ഇതുവരെയുള്ള വരുമാനം. സാധാരണ 50 കോടി വരെ വരുമാനം ലഭിക്കുന്ന സ്ഥാനത്താണിതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
37 കൊവിഡ് കേസുകൾ
തീർത്ഥാടനം തുടങ്ങിയ ശേഷം ഇതുവരെ നിലയ്ക്കൽ 37 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഭക്തരും വിവിധ വകുപ്പുകളിലെ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ട്. സന്നിധാനത്ത് ഒൻപതു ജീവനക്കാർക്ക് കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ കൊവിഡ് കേസുകളുടെ അനുപാതം താരതമ്യം ചെയ്യുമ്പോൾ ഇത് അത്ര ആശങ്കയുണർത്തുന്ന കണക്ക് അല്ല.
സന്നിധാനത്ത് ദർശനം നടത്തി പോയ ഭക്തർക്ക് ആർക്കും ഇതുവരെയും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടുള്ള തീർത്ഥാടനമാണ് നടക്കുന്നത്. സാമൂഹിക അകലം കൃത്യമായി പാലിക്കുന്നുണ്ട്. സാനിറ്റൈസിംഗിനുള്ള സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരിടത്തും തിരക്ക് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ശബരിമലയിൽ സേവനം അനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ആരെങ്കിലും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയെടുക്കും. വരുന്ന ഭക്തർക്ക് സുഖമായി ദർശനം നടത്താനുള്ള സൗകര്യമുണ്ട്. എല്ലാ ഭക്തർക്കും അന്നദാനം നൽകുന്നുണ്ട്. ഏതെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ അപ്പോൾ തന്നെ പരിശോധിക്കുവാനും പോസിറ്റീവാകുന്നവരെ ആശുപത്രിയിലേക്കോ, വരുന്ന വാഹനങ്ങളിൽ തന്നെ നാട്ടിലെത്തിക്കുന്നതിനോ ഉള്ള സജ്ജീകരണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |