ചങ്ങനാശേരി: വീണ്ടും മൽസരരംഗത്തെത്തുന്ന മുൻ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ഏറെയുണ്ട് കോട്ടയം ജില്ലയിൽ. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ഡോ ശോഭാ സലിമോൻ കുറിച്ചി പഞ്ചായത്ത് മൂന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റായിരുന്ന സുധ കുര്യൻ വാകത്താനം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മൽസരിക്കുമ്പോൾ എതിർ പക്ഷത്തുള്ളത് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും വാകത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എൽ.ഡി.എഫിലെ ലൈസാമ്മ ജോർജാണ്.
പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന സ്വപ്‌ന ബിനു തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്. പായിപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടീന റോബി മാടപ്പളളി ബ്ലോക്ക് പൂവം ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായും തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ. രാജു മാടപ്പള്ളി ബ്ലോക്ക് കോട്ടമുറി ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമാണ്.
തൃക്കൊടിത്താനം പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എൻ. സുവർണ്ണകുമാരി പഞ്ചായത്തിലെ 19 -ാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. മാടപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് ഏലിക്കുട്ടി തോമസ് ഈ പഞ്ചായത്തിലെ രണ്ടാം വാർഡിലും മൽസരിക്കുന്നു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന ബിന്ദു ജോസഫാണ് മാടപ്പള്ളി ബ്ലോക്ക് തെങ്ങണ ഡിവിഷനിലെ എൽ.ഡി. എഫ് സ്ഥാനാർത്ഥി. മാടപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്ന മണിമ്മ രാജപ്പൻ മാടപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ എൽ.ഡി.എഫിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മാടപ്പള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന സൈന തോമസ് മാടപ്പള്ളി ബ്ലോക്ക് കുറുമ്പനാടം ഡിവിഷനിൽ യു.ഡി. എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടുന്നു. വാകത്താനം പഞ്ചായത്ത് മുൻ പ്രസിഡന്റായ ബേബിമോളാണ് (എൽ.ഡി. എഫ്) എതിർസ്ഥാനാർത്ഥി.
വാഴപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് വർഗീസ് ആന്റണി മാടപ്പള്ളി ബ്ലോക്ക് വെരൂർചിറ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായും വാഴപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം മാടപ്പള്ളി ബ്ലോക്ക് ഇൻഡസ്ട്രിയൽ നഗർ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |