തിരുവനന്തപുരം: സാമൂഹ്യപെൻഷൻ വിതരണത്തിൽ സർക്കാരിന്റെ മികച്ച പ്രകടനത്തിന്റെ പങ്കുപറ്റാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിന്റെ വാദങ്ങൾ എട്ടുകാലി മമ്മൂഞ്ഞിന്റേതുപോലെയാണെന്ന് ജനം തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു.
ക്ഷേമപെൻഷനുകളിൽ ഈ സർക്കാർ കൊണ്ടുവന്ന വർദ്ധന കാലാകാലങ്ങളായി എല്ലാ സർക്കാരുകളും നടപ്പിലാക്കുന്നതാണെന്നും, കഴിഞ്ഞ യു.ഡി.എഫ് സർക്കാരും അക്കാര്യം ചെയ്തിരുന്നെന്നുമാണ് ഒരു കൂട്ടർ അവകാശപ്പെടുന്നത്. അതേസമയം എല്ലാം കേന്ദ്രത്തിന്റെ കനിവാണെന്നാണ് മറ്റൊരു കൂട്ടർ വാദിക്കുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വരുമ്പോൾ പെൻഷൻ തുക പ്രതിമാസം 300 രൂപയായിരുന്നു. അവർ അത് ആദ്യവർഷം 400 രൂപയും രണ്ടാം വർഷം 525 രൂപയും ആക്കി ഉയർത്തി.
പെൻഷൻ തുക നാമമാത്രമായേ വർദ്ധിപ്പിച്ചുള്ളൂ. ആ തുക വിതരണം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയും യു.ഡി.എഫ് സർക്കാർ വരുത്തി.
ഈ സർക്കാർ അധികാരമേറ്റശേഷം എല്ലാ പെൻഷനുകളും 1000 രൂപയാക്കി ഉയർത്തി. 2017 മുതൽ അത് 1100 രൂപയായും 2019ൽ 1200 രൂപയായും 2020ൽ 1400 രൂപയായും വർദ്ധിപ്പിച്ചു. 2021 ജനുവരിയിൽ 1500 രൂപയാക്കി വീണ്ടും ഉയർത്തുമെന്നും എൽ.ഡി.എഫ് പ്രഖ്യാപിച്ചുകഴിഞ്ഞു.
കേന്ദ്ര സർക്കാരിന്റെ എൻ.എസ്.എ.പി പദ്ധതി പ്രകാരം 14.9 ലക്ഷം പേർക്ക് 300 രൂപ മുതൽ 500 രൂപ വരെ പെൻഷനായി നൽകുന്നുണ്ട്. ആ തുകയൊഴിച്ചാൽ ഇവർക്കു ലഭിക്കേണ്ട 900 മുതൽ 1100 വരെയുള്ള സംഖ്യ സംസ്ഥാന സർക്കാരാണ് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |