1206 വോട്ടിങ് മെഷീനുകൾ സജ്ജം
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി വയനാട് ജില്ലയിൽ നിയോഗിച്ചത് 5090 പോളിങ് ഉദ്യോഗസ്ഥരെ. ആകെ 848 പോളിങ് സ്‌റ്റേഷനുകളിലേക്കായി 4240 പോളിങ് ഉദ്യോഗസ്ഥരെയും അടിയന്തരഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നതിനായി 850 (20 ശതമാനം) ഉദ്യോഗസ്ഥരെ റിസർവ്വ് വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവായവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേക തപാൽ ബാലറ്റ് എത്തിക്കുന്നതിനുള്ള പ്രത്യേക പോളിങ് ഓഫീസർമാരെ ഇതുകൂടാതെ നിയമിക്കും. ജില്ലയിലെ 23 ഗ്രാമ പഞ്ചായത്തുകളിലായി 749 പോളിങ് ബുത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളിൽ 99 ബൂത്തുകളുമാണ് തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ പോളിങ് ബൂത്തുകളുള്ളത് നെന്മേനി, പനമരം പഞ്ചായത്തുകളിലാണ് 46 വീതം. ഏറ്റവും കുറവ് ബൂത്തുകളുള്ളത് തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ 13 വീതം. ബൂത്തുകളിൽ ഭിന്നശേഷിക്കാർക്കായി റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒരു പോളിങ് ബൂത്തിൽ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിങ് ഓഫീസർമാരും ഒരു പോളിങ് അസിസ്റ്റന്റും ഉൾപ്പെടെ അഞ്ച് പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. ആകെ 848 പ്രിസൈഡിങ് ഓഫീസർമാരും 848 ഫസ്റ്റ് പോളിങ് ഓഫീസർമാരും 1696 പോളിങ് ഓഫീസർമാരും 848 പോളിങ് അസിസ്റ്റന്റുമാരും ഡ്യൂട്ടിയിലുണ്ടാകും. കൊവിഡ് രോഗ പശ്ചാത്തലത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തുന്നവർക്ക് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസർ നൽകുന്നതിനാണ് ഒരു പോളിംഗ് അസിസ്റ്റന്റിനെ ഇത്തവണ കൂടുതലായി നിയമിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പിനായി ആകെ 1206 വോട്ടിങ് മെഷീനുകളാണ് ജില്ലയിൽ സജ്ജമാക്കിയത്. ഗ്രാമപഞ്ചായത്തിലേക്ക് 935 കൺട്രോൾ യൂണിറ്റുകളും 2820 ബാലറ്റ് യൂണിറ്റുകളും നഗരസഭയിലേക്ക് 271 ഉം കൺട്രോൾ യൂണിറ്റുകളും 311 ബാലറ്റ് യൂണിറ്റുകളും ഉപയോഗിക്കും. ത്രിതല പഞ്ചായത്തുകളിൽ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമടങ്ങിയതാണ് മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ. നഗരസഭകളിൽ ഉപയോഗിക്കുക സിംഗിൾ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളാണ്. എല്ലാ വോട്ടിങ് യന്ത്രങ്ങളുടെയും ആദ്യഘട്ട പരിശോധന (ഫസ്റ്റ് ലെവൽ ചെക്കിംഗ്) പൂർത്തിയായി. വോട്ടെടുപ്പിന് നാലുദിവസം മുമ്പായിരിക്കും വരണാധികാരികളുടെ നേതൃത്വത്തിൽ ബാലറ്റ് ലേബൽ വോട്ടിങ് യന്ത്രങ്ങളിൽ സ്ഥാപിച്ച് തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |