ദുബായ് : യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിച്ച വെർച്വൽ ആഘോഷങ്ങൾക്കിടെ തന്റെ പ്രിയപ്പെട്ട ഇടം വരയ്ക്കാൻ പറഞ്ഞപ്പോൾ അഞ്ച് വയസുകാരിയായ നീന ആൻ കുര്യന്റെ ഫ്രെയിമിൽ വിരിഞ്ഞത് തന്റെ കുടുംബത്തിന്റെ ചിത്രമാണ്. മുത്തച്ഛനും മുത്തശ്ശിയും, അച്ഛനമ്മമാർ, അവരുടെ സഹോദരങ്ങൾ, അമ്മാവൻമാർ, ആന്റിമാർ, കസിൻസ് ഇങ്ങനെ നീളുന്നു.
കേരളത്തിൽ നിന്നുള്ള പ്രവാസി കുടുംബത്തിലെ നാലാം തലമുറയിൽപ്പെട്ടതാണ് നീനയും സഹോദരങ്ങളാണ് ജിയാന്ന, അനിന എന്നിവർ. ജനിച്ചതും വളർന്നതുമെല്ലാം ദുബായിൽ. ദശാബ്ദങ്ങൾക്ക് മുമ്പ് തന്നെ യു.എ.ഇയിൽ ജീവിക്കാൻ തുടങ്ങിയതാണ് നീനയുടെ കുടുംബം. യു.എ.ഇ 49ാം ദേശീയ ദിനം ആചരിക്കുകയാണ്. എന്നാൽ കഴിഞ്ഞ 60ലേറെ വർഷങ്ങളായി യു.എ.ഇ ആണ് നീയുടെ കുടുംബത്തിന്റെ വീട്. 1955 മുതൽ ഇവർ ജീവിക്കുന്നത് ഇവിടെയാണ്. 1971ൽ എമിറേറ്റുകൾ ഒന്നിക്കുന്നതിന് മുമ്പ് തന്നെ ഈ കുടുംബം യു.എ.ഇയുടെ മണ്ണിൽ വേരുറപ്പിച്ച് കഴിഞ്ഞിരുന്നു.
യു.എ.ഇ - സ്വന്തം വീട്
കേരളത്തിൽ നിന്നും 1955ലാണ് കെ.സി വർഗീസ് അബുദാബിയിലെത്തിയത്. മൂന്ന് ദശാബ്ദം ഇവിടെ ജീവിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. അന്ന് യു.എ.ഇയിൽ ഇന്ത്യൻ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ മകളായ ജെസിയും സഹോദരിയും ഇന്ത്യയിലാണ് പഠിച്ചത്. എന്നാൽ വെക്കേഷൻ സമയങ്ങളിൽ അബുദാബിയിലേക്ക് എത്തിയിരുന്നു. 1974ൽ ജെസി ഇവിടെ സ്ഥിര താമസമാക്കി. അന്ന് 10 മലയാളി കുടുംബങ്ങളാണ് അവിടെ സ്ഥിരതാമസമാക്കിയിരുന്നത്. എല്ലാവരും ഒരൊറ്റ കുടുംബം പോലെയാണ് ജീവിച്ചതെന്ന് ജെസി ഓർക്കുന്നു.
ഡോ. തോമസിനെ വിവാഹം കഴിച്ചതോടെ ജെസി 1979ൽ റാസൽഖൈമയിലേക്ക് താമസം മാറി. യു എ ഇ ആരോഗ്യ മന്ത്രാലയത്തിലായിരുന്നു തോമസിന് ജോലി. ദമ്പതികളുടെ മക്കളാണ് ആൻ, ഡോ. അജിത് എന്നിവർ. 39 കാരിയായ ആൻ ഒരു ബോട്ടീക് നടത്തുകയാണ്. ആൻ കുര്യന്റെയും ഭർത്താവ് കുര്യൻ ജോർജ് ചിറയിലിന്റെയും മകളാണ് അഞ്ചു വയസുകാരിയായ നീന.
യു.എ.ഇയുടെ ഓരോ വളർച്ചയും എങ്ങനെയായിരുന്നുവെന്ന് ഈ കുടുംബത്തിന് വ്യക്തമായ ധാരണയുണ്ട്. യു.എ.ഇയെ പോലെ മികച്ച ദീർഘവീഷണവും നേതൃഗുണവുമുള്ള രാജ്യം വൈകാതെ ആഗോളശക്തികളിൽ ഒന്നായി മാറുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടായിരുന്നതായി കുടുംബം പറയുന്നു. അവധി ദിനങ്ങളിൽ റാസൽഖൈമയിൽ നിന്നും യു.എ.ഇയുടെ പല ഭാഗങ്ങളിലേക്ക് നടത്തിയിരുന്ന യാത്രകളെ കുറിച്ച് നിറമാർന്ന ഓർമകളാണ് കുടുംബത്തിനുള്ളത്. യു.എ.ഇ ദേശീയ ദിനമാഘോഷിക്കുന്ന ഈ വേളയിൽ ഈ മലയാളി കുടുംബവും ആഘോഷത്തിലാണ്. തങ്ങളെ പോലെയുള്ള പ്രവാസികളെ കൈപിടിച്ചുയർത്തിയ യു.എ.ഇ ഇനിയും ഏറെ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നുവെന്ന് ഇവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |