തിരുവനന്തപുരം :ജനം വിധിയെഴുതാൻ രണ്ടുദിവസം മാത്രം ശേഷിക്കേ കോർപറേഷനിലെ നൂറുവാർഡുകളിലും മുന്നണികൾ പതിനെട്ട് അടവും പയറ്റുന്നു. ഒരുമാസത്തോളം വീടുവീടാന്തരം കയറിയിറങ്ങി പരമാവധി വോട്ടർമാരെ കാണാൻ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ വാർഡിലെ മുക്കിലും മൂലയിലും അവസാനവട്ടം ഓടിയെത്താൻ പര്യടനം നടത്തുകയാണ് സ്ഥാനാർത്ഥികൾ. തുറന്ന വാഹനത്തിലും കാൽനട ജാഥയായുമുള്ള പരട്യനവും നഗരത്തിലുടനീളം പുരോഗമിക്കുന്നു. ശക്തമായ പോരാട്ടം നടക്കുന്ന വാർഡുകൾ കേന്ദ്രീകരിച്ച് മൂന്നു മുന്നണികളിലെയും നേതാക്കളുടെ റോഡ് ഷോകളും തുടങ്ങിയിട്ടുണ്ട്. ബി.ജെ.പിയാണ് റോഡ് ഷോയിൽ മുമ്പിൽ. സുരേഷ് ഗോപി എം.പിയാണ് റോഡ് ഷോയിലെ താരം. ചലച്ചിത്രതാരം കൃഷ്ണകുമാറും മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും രംഗത്തുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരനും ഇടയ്ക്ക് സജീവമായിരുന്നു. ഇടതുമുന്നണിയും യു.ഡി.എഫും കൊവിഡ് പശ്ചാത്തലത്തിൽ റോഡ് ഷോ വേണ്ടെന്ന നിലപാടിലാണ്. ഇടതുമുന്നണിക്ക് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും മണ്ഡലാടിസ്ഥാനത്തിൽ എം.എൽ.എമാരും സ്ഥാനാർത്ഥികൾക്കൊപ്പം വോട്ടർമാരെ നേരിൽക്കാണാനുള്ള ശ്രമത്തിലാണ്. യു.ഡി.എഫ് ക്യാമ്പിൽ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തുടക്കമിട്ട പ്രചാരണം കെ.മുരളീധരൻ എം.പി, ചാണ്ടി ഉമ്മൻ,വിവിധ എം.എൽ.എമാർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുകയാണ്. പരസ്യപ്രചാരണം അവസാനിക്കുന്ന നാളെ (ഞായർ) മുന്നണികൾ ഭൂരിഭാഗവും മാസ് സ്ക്വാഡ് ഇറങ്ങാനാണ് പദ്ധതി. രണ്ട് മൂന്ന് ടീമായി തിരിഞ്ഞ് വാർഡിലെ പ്രധാനമേഖലകളിൽ എത്തി വോട്ട് അഭ്യർത്ഥിക്കും. ഓരോ ടീമിലും അതത് പ്രദേശത്ത് സ്വാധീനമുള്ള ആളുകളെ ഉൾപ്പെടുത്തി നിർണായക വോട്ടുകൾ ഉറപ്പിക്കാനുള്ള ശ്രമമാണിത്. നാളെ വൈകിട്ട് അഞ്ചിനാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്. കൊട്ടിക്കലാശമില്ലാത്തതിനാൽ വാർഡുകൾ തോറും ബൈക്ക് റാലികൾ സംഘടിപ്പിക്കാനാണ് തീരുമാനം. തിങ്കളാഴ്‌ച നിശബ്ദ പ്രചാരണ ദിനത്തിൽ മത,സാമുദായിക,രാഷ്ട്രീയ അടിയൊഴുക്കുകൾ തങ്ങൾ അനുകൂലമാക്കിമാറ്റാനുള്ള അടവുകളാണ് പയറ്റുന്നത്. കൊവിഡ് ബാധിതരും നിരീക്ഷണത്തിലുള്ളതുമായ വാർഡിലെ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനും മുന്നണികൾ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |